വടകര: കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടുന്ന സ്ഥലമെന്നായിരുന്നു മാഹിക്ക് ചാർത്തി കിട്ടിയ വിശേഷണം. എന്നാൽ പുതുച്ചേരിയുടെ ഭാഗമായി കാര്യങ്ങളൊക്കെ ഏറെക്കുറെ മാറിയതോടെ ആ ഒഴുക്ക് നിലച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ധനം തേടിയെത്തുന്നവരുടെ തിക്കുംതിരക്കുമാണ് മാഹിയിലെ ബങ്കുകളിൽ. കേരളത്തിലെ ഇന്ധനവിലയുമായി താരതമ്യം ചെയ്യുമ്പോൾ ആശ്വാസമാണ് മാഹിയിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നത്. പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് മാഹിയിലെ വില. അതേസമയം മാഹിയുടെ അതിര് പങ്കിടുന്ന വടകരയിലും തലശേരിയിലും പെട്രോൾ വില നൂറിന് മുകളിലാണ്. ഡീസലിന് 18.92 രൂപയും പെട്രോളിന് 12.80 രൂപയുമാണ് പുതുച്ചേരിയിൽ വില കുറച്ചത്. ഇതോടെ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമായി. കേന്ദ്രസർക്കാർ പെട്രോൾ- ഡീസൽ എക്സൈസ് നികുതി കുറച്ചതോടെയാണ് മറ്റ് സംസ്ഥാനങ്ങൾക്ക് പിന്നാലെ പുതുച്ചേരിയും നികുതി കുറച്ചത്. കുറഞ്ഞവിലയ്ക്ക് കൂടുതൽ ഇന്ധനം കിട്ടുമെന്നതിനാലാണ് മാഹിയിലേക്ക് ഒഴുക്ക് കൂടിയത്. കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ മാഹിയിലെത്തി ഇന്ധനം നിറച്ച് യാത്ര തുടരുന്നത് പതിവ് കാഴ്ചയാണെങ്കിലും കേരളത്തിൽ ഇന്ധനവില കുത്തനെ കൂടിയതോടെ കേരളത്തിന്റെ ഭാഗമായ സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം വാഹനങ്ങൾ ഇന്ധനം തേടിയെത്തുന്നത് മാഹിയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |