കോഴിക്കോട്: കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയെ മറി കടക്കാൻ ലക്ഷ്യമിട്ട് കേരള ബാങ്ക് ആവിഷ്കരിച്ച ഈട് രഹിത വായ്പാ പദ്ധതിയായ 'കെ ബി സുവിധ പ്ലസിന് തുടക്കമായി. സഹകരണ മന്ത്രി വി.എൻ. വാസവൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.
വ്യാപാരികളെയും സംരംഭകരെയും പ്രതിസന്ധിയിൽ നിന്ന് കൈപിടിച്ചുയർത്തുന്നതിനാണ് സുവിധ പ്ലസ് പദ്ധതിയ്ക്ക് രൂപം നൽകിയതെന്ന് മന്ത്രി പറഞ്ഞു. ഒമ്പത് ശതമാനം പലിശയ്ക്ക് 60 മാസ കാലയളവിലേക്കാണ് വായ്പ. പലിശയിൽ നാലു ശതമാനം സർക്കാർ സബ്സിഡി നൽകും. തത്വത്തിൽ അഞ്ചു ശതമാനം പലിശയേ വരൂ. ആറു പേർക്കായി 13. 20 ലക്ഷം രൂപ വായ്പയായി ചടങ്ങിൽ വിതരണം ചെയ്തു.
കേരളാ ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിൽ ഒരുക്കിയ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായിരുന്നു. കേരളാ ബാങ്ക് മൈക്രോ ഫിനാൻസ് പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സെക്രട്ടറി മിനി ആന്റണിയും പ്രാദേശിക സഹകരണ സംഘങ്ങൾക്കുള്ള മൾട്ടി സർവിസ് സെന്റർ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ സംഘം രജിസ്ട്രാർ പി.ബി. നൂഹും നിർവഹിച്ചു. റീജിയണൽ മാനേജർ അബ്ദുൾ മുജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡിഷണൽ രജിസ്ട്രാർ ബിനോയ് കുമാർ സംബന്ധിച്ചു. ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ പി.ബാലഗോപാലൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |