SignIn
Kerala Kaumudi Online
Thursday, 25 April 2024 5.29 PM IST

ചരിത്രത്തിന് പുനർജനി, ജിതിനത്തിന്റെ കരുതലിൽ

kunnamangalam-news
ജിതിനം രാധാകൃഷ്ണൻ പുരാവസ്തു ശേഖരത്തിനൊപ്പം

കുന്ദമംഗലം: ചരിത്രമായവർ, ചരിത്രത്തിനൊപ്പം നടന്നവർ.. വിശേഷണങ്ങൾക്ക് അവകാശികൾ ഒരുപാടുണ്ട്. എന്നാൽ ചരിത്രത്തിന് കാവലാളായി ഒരാൾ ചാത്തമംഗലത്തുണ്ട്; ജിതിനം രാധാകൃഷ്ണൻ. 44 വർഷത്തെ ചരിത്രശേഷിപ്പുകൾക്ക് ഈ അറുപത്തിമൂന്നുകാരൻ കാവൽ നിൽക്കുകയാണ് കണ്ണിമ ചിമ്മാതെ. വിലമതിക്കാനാവാത്ത നാലായിരത്തോളം പൈതൃക വസ്തുക്കളാണ് വീട്ടിലും ബന്ധുവീടുകളിലുമായി സൂക്ഷിച്ചിരിക്കുന്നത്.

പഴയ ഇല്ലങ്ങളുടെ മച്ചിൽ പൊടിപിടിച്ചു കിടന്ന ചാരുതയാർന്ന ഗൃഹോപകരണങ്ങളോട് തോന്നിയ ബാല്യ കൗതുകമാണ് പിന്നീട് രാധാകൃഷ്ണനെ ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനാക്കിയത്. മലപ്പുറം പുലാമന്തോൾ വാരിയം തറവാട്ടിൽ നിന്ന് 34 വർഷം മുമ്പ് ചാത്തമംഗലത്തെത്തുമ്പോൾ മുത്തച്ഛൻ സമ്മാനിച്ച തുലാക്കല്ല് (അളവുതൂക്കത്തിന് ഉപയോഗിക്കുന്നത്) മാത്രമായിരുന്നു സമ്പാദ്യം. പിന്നീട് പണംകൊടുത്തും സംഭാവനയായും സ്വന്തമാക്കിയതാണ് ഈ കാണുന്ന ചരിത്രമത്രയും.

കേരളത്തിനകത്തും പുറത്തും ആയിരത്തോളം പ്രദർശനങ്ങൾ വഴി ശേഖരത്തിന്റെ വ്യാപ്തിയും മൂല്യവും സമൂഹത്തിന് കാണിച്ചുകൊടുത്തിട്ടുണ്ട് രാധാകൃഷ്ണൻ. അപൂർവമായി കാണുന്ന താളിയോലകൾ മുതൽ നാണയങ്ങൾ വരെ, അമ്പരപ്പിക്കുന്നതാണ് പല ശേഖരവും. കുതിരവണ്ടി വിളക്ക്, കപ്പൽ ടോർച്ച്, കുപ്പിപ്പാനീസ് കുത്തുവിളക്ക്, ക്ലോക്ക് കണ്ടുപിടിക്കുന്നതിന് മുമ്പ് സമയം നോക്കാൻ ഉപയോഗിച്ചിരുന്ന നാഴികവട്ട, 600 വർഷം പഴക്കമുള്ള ചീനഭരണി, നൂറുവർഷം പഴക്കമുള്ള മെതിയടി, കാൽചിലമ്പുകൾ, വെള്ളിക്കോൽ, ചെല്ലപ്പെട്ടികൾ, നാരായം, ഇടങ്ങഴി, നാട്ടുരാജ്യങ്ങളുടെ മുദ്രപത്രങ്ങൾ, പഴയ നാട്ടുതൂക്കങ്ങൾ, വീരാളിപ്പട്ട്, കല്ലുമാലകൾ, ദാരുശിൽപ്പങ്ങൾ, എഴുത്താണികൾ, താളിയോലകൾ സൂക്ഷിക്കുന്ന ചൂരൽപ്പെട്ടി, ആധാരപ്പെട്ടി, വിത്തുകുറ്റി, സേവനാഴികൾ, സംഗീത ഉപകരണങ്ങൾ, ലണ്ടൻ നിർമ്മിത പഴയ സിനിമാ പ്രൊജക്ടറുകൾ, കാമറകൾ, ഗാന്ധിജിയുടെ അപൂർവമായ 700 ലധികം ചിത്രങ്ങൾ എന്നിങ്ങനെ പറഞ്ഞുതീരില്ല, കണ്ടറിയേണ്ടതാണ് ഓരോന്നും. പതിനേഴാം വയസിൽ തുടങ്ങിയതാണ് യാത്രയെങ്കിലും ഇപ്പോഴും പുരാവസ്തുക്കൾ കണ്ടാൽ ഈ റിട്ട.ബാങ്ക് ജീവനക്കാരന്റെ മനസ് തുടിക്കും, സ്വന്തമാക്കാൻ.

ആർക്കിയോളജി ആൻഡ് ഹെറിറ്റേജ് അസോസിയേഷനിൽ അംഗത്വമുള്ള ജിതിനം രാധാകൃഷ്ണന് ഇനിയൊരു ആഗ്രഹമുണ്ട്.

തന്റെ ഏക സമ്പാദ്യമായ ഈ പൈതൃക വസ്തുക്കൾ എക്കാലത്തും സൂക്ഷിച്ചുവെയ്ക്കാനും പുതുതലമുറയ്ക്ക് കാണിച്ചുകൊടുക്കാനുമായി പൈതൃക മ്യൂസിയ സമുച്ചയം യാഥാർത്ഥ്യമാക്കുക. പഴയ തറവാട് വീടാണ് അതിനനുയോജ്യമെന്ന് രാധാകൃഷ്ണൻ പറയുന്നു. അതിനായി സർക്കാരിൽ നിന്നോ മറ്റേതെങ്കിലും ഏജൻസികളിൽ നിന്നോ സാമ്പത്തിക സഹായവും പ്രതീക്ഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.