കോഴിക്കോട്: ബൈക്കിൽ ചെത്തിയടിച്ച് പെൺകൂട്ടത്തിന്റെ വനിതാ ദിനാഘോഷം. കാലിക്കറ്റ് സർവകലാശാല കാമ്പസിലെ വിദ്യാർത്ഥിനികളും വനിതാ ജീവനക്കാരുമാണ് വനിതാ ദിനം നിറമുള്ളതാക്കിയത്. സർവകലാശാലാ സോഷ്യോളജി പഠന വകുപ്പും പബ്ലിക് റിലേഷൻസ് വിഭാഗവും സംയുക്തമായാണ് 'എംപവർ റൈഡ്' എന്ന പേരിൽ കാമ്പസിൽ ബൈക്ക് റാലി സംഘടിപ്പിച്ചത്. എം.അജന്യ, ചെൽസിയ ജോൺസൺ, കെ.കെ. നെഹ്ല, വി.ദേവിക, എ.ഗ്രീഷ്മ, പി.എസ്. മാളവിക എന്നിവർ റാലിക്ക് നേതൃത്വം നൽകി. സർവകലാശാലാ എൻ.എസ്.എസ്. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.ടി.എൽ.സോണി ഫ്ളാഗ് ഓഫ് ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ.എം.നാസർ, രജിസ്ട്രാർ ഡോ.ഇ.കെ. സതീഷ്, സോഷ്യോളജി പഠനവിഭാഗം മേധാവി ഡോ.എൻ.പി.ഹാഫിസ് മുഹമ്മദ്, പബ്ലിക് റിലേഷൻസ് ഓഫീസർ സി.കെ.ഷിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
@ സെമിനാർ നടത്തി
കാലിക്കറ്റ് സർവകലാശാല ലൈബ്രറി സയൻസ് പഠന വകുപ്പും കേരള ലൈബ്രറി അസോസിയേഷൻ കോഴിക്കോട് റീജിയണും സംയുക്തമായി അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് 'സ്ത്രീ ശാക്തീകരണം ലൈബ്രറി മേഖലയിൽ' എന്ന വിഷയത്തിൽ സെമിനാർ നടത്തി. പഠന വകുപ്പ് മേധാവി പ്രൊഫ.കെ.മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ഡോ. കദീജകുട്ടി, ഡോ.ഷൈനി കെ.ജി, ഡോ.മിനി മോൾ.കെ എന്നിവർ സംസാരിച്ചു. യു.ജി.സി. നെറ്റ് നേടിയ വൃന്ദയ്ക്ക് ഫോറം ഫോർ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് അവാർഡ് വിതരണം ചെയ്തു. പ്രൊഫ.ടി.എം.വാസുദേവൻ, ഡോ.സി.ശ്യാമിലി, വിനീത ഡേവിസ്, സംഗീത, അപർണ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |