കോഴിക്കോട്ട് : പി.എം.എ.വൈ- ലൈഫ് പദ്ധതിയിലൂടെ നഗരത്തിൽ 657 പേർക്ക് കൂടി വീട് നൽകും. 26.28 കോടി ചെലവിലാണ് വീടൊരുക്കുക. ഗുണഭോക്താക്കളുടെ പട്ടിക കോർപ്പറേഷന്റെ പ്രത്യേക കൗൺസിൽ യോഗം അംഗീകരിച്ചു. യോഗത്തിൽ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
പി.എം.എ.വൈ- ലൈഫ് പദ്ധതിയുടെ പത്താം ഡി.പി.ആർ പ്രകാരമുള്ള പട്ടികയാണിത്. പദ്ധതിയുടെ രണ്ടാംഘട്ട കരട് അർഹത ലിസ്റ്റിൽ നിന്ന് തിരഞ്ഞെടുത്ത ഗുണഭോക്താക്കളെയാണ് ഡി.പി.ആറിൽ ഉൾപ്പെടുത്തിയത്. അഞ്ച് സെന്റിൽ കൂടുതൽ ഭൂമി ഉള്ളവരും മൂന്ന് വർഷമായി നഗരസഭയിൽ സ്ഥിരതാമസം ഉള്ളവരും വേറെ വീട് ഇല്ലാത്തവരുമാണ് പദ്ധതിയിൽ ഉൾപ്പെട്ടത്.
ആകെ 1195 പേരാണ് അപേക്ഷിച്ചിട്ടുണ്ടായിരുന്നത്. പൊതുമരാമത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.സി.രാജൻ, കൗൺസിലർമാരായ സി.എസ്.സത്യഭാമ, കെ.നിർമല, കെ.ടി.സുഷാജ്, ടി.കെ.ചന്ദ്രൻ, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി.കെ.പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |