കോഴിക്കോട് : കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ മേള നടത്തി. പന്തീരാങ്കാവ് എ.യു.പി സ്കൂളിൽ നടന്ന മേള പി.ടി.എ റഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സജിത പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യമേളയിൽ ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ദർ, ഇ.എൻ.ടി, ദന്തരോഗ വിദഗ്ദൻ, ഡർമറ്റോളജിസ്റ്റ്, കാഴ്ച പരിശോധന, എച്ച്.ഐ.വി പരിശോധന, ജീവിത ശൈലീ രോഗ നിർണയം,കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സേവനങ്ങൾ എന്നിവയും വിവിധ വകുപ്പുകളുടെ പ്രദർശന സ്റ്റാളുകളും സജ്ജീകരിച്ചിരുന്നു.
ആരോഗ്യമേളയുടെ പ്രചരണാർത്ഥം ഒരാഴ്ച നീണ്ട കലാ, കായിക, സാംസ്കാരിക പരിപാടികൾ നടത്തിയിരുന്നു. വടംവലി മത്സരത്തിൽ വിജയികളായ ആശാപ്രവർത്തകർക്കും അങ്കണവാടിക്കുമുള്ള ട്രോഫി എം.എൽ.എ സമ്മാനിച്ചു. ആരോഗ്യ മേളയിൽ ജില്ലാ ടി.ബി സെന്ററിന്റെ ക്ഷയരോഗ പ്രതിരോധ കൈപ്പുസ്തകം എം.എൽ.എ മെഡിക്കൽ ഓഫീസർ കെ.എം. ദീപയ്ക്ക് നൽകി പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി, ഒളവണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രശാന്ത്, ബ്ലോക്ക് അംഗങ്ങൾ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പഞ്ചായത്ത് അംഗങ്ങൾ, ഗവ. ആയുവേദ സീനിയർ മെഡിക്കൽ ഓഫീസർ വി.ജയപ്രഭ, ഹോമിയോ മെഡിക്കൽ ഓഫീസർ കെ.പി. പ്രതിഭ തുടങ്ങിയവർ പങ്കെടുത്തു. ഒളവണ്ണ സി.എച്ച്.സി മെഡിക്കൽ ഓഫീസർ കെ.എം. ദീപ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |