SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.20 PM IST

തെരുവുനായശല്യം: കോർപ്പറേഷൻ യോഗത്തിൽ സജീവചർച്ച വേണം,​ വിദഗ്ദ്ധസമിതി

dog

കോഴിക്കോട്: തെരുവുനായ ശല്യം കോർപ്പറേഷൻ യോഗത്തിൽ സജീവചർച്ചയ്ക്കിടയാക്കി. ശല്യം രൂക്ഷമായ സാഹചര്യത്തിൽ കർശന നടപടി വേണമെന്നായിരുന്നു ഭരണ,​ പ്രതിപക്ഷഭേദമന്യേയുള്ള ആവശ്യം. ഇതെക്കുറിച്ച് പഠനം നടത്താനായി വിദഗ്ദ്ധരടങ്ങിയ ഒരു കമ്മിറ്റി രൂപീകരിക്കണമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ അധികാരം നൽകിയതുപോലെ പ്രകോപിതരാകുന്ന തെരുവ് നായ്ക്കളെയും വെടിവെച്ചുകൊല്ലാൻ കേന്ദ്രം നിയമനിർമാണം നടത്തണമെന്ന് എൻ.സി മൊയീൻകുട്ടി യോഗത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച കേസുകളിൽ ഉൾപ്പെടെ കോർപ്പറേഷൻ കക്ഷി ചേരണം. കഴിഞ്ഞ ദിവസങ്ങളിൽ കോഴിക്കോട് കോർപ്പറേഷനിൽ നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്. തീരുമാനം എടുക്കുന്നതിൽ കോർപ്പറേഷൻ അമാന്തം കാണിക്കരുത്. മരുന്നിന്റെ നിലവാരം കുറഞ്ഞതാണ് കാരണമെന്ന് സംശയിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടാതെ കേരളത്തിലേക്കുവേണ്ട പേ വിഷബാധയ്ക്കെതിരെയുള്ള വാക്‌സിൻ അളവ് കുറയുന്നതായും അദ്ദേഹം പറഞ്ഞു. നായ്ക്കളെ വന്ധ്യംകരിക്കുന്ന എ.ബി.സി സെന്ററുകളുടെ പ്രവൃത്തി കൂടുതൽ മെച്ചപ്പെടുത്തണമെന്ന് ഡോ. അജിത ആവശ്യപ്പെട്ടു. താക്കോൽദ്വാര വന്ധ്യംകരണമാണ് കൂടുതൽ ഫലപ്രദം. ഒരേസമയം കൂടുതൽ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാൻ താക്കോൽദ്വാര ശാസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് അവർ പറഞ്ഞു.

നായകളെ കൊല്ലാൻ പാടില്ലെന്ന നഗരകാര്യ ഡയറക്ടറുടെ ഉത്തരവ് മരവിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.സി ശോഭിത ആവശ്യപ്പെട്ടു. മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തെരുവുനായകൾ പെരുകുന്നതിന് കാരണമാകുന്നതായി നവ്യ ഹരിദാസ് പറഞ്ഞു. തെരുവു നായ നിയന്ത്രണത്തിന് മേയർ മുൻകൈയ്യെടുത്ത് കമ്മിറ്റി ഉണ്ടാക്കണമെന്ന് കൗൺസിലർ നിർമ്മല ആവശ്യപ്പെട്ടു. തെരുവുനായശല്യം നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ കഴിയുന്നത് കേന്ദ്ര സർക്കാരിനും സുപ്രീംകോടതിക്കുമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ മുസാഫർ അഹമ്മദ് പറഞ്ഞു. തെരുവ് നായശല്യത്തിൽ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തയക്കണമെന്ന തീരുമാനം കൗൺസിലിൽ ഉയർന്നുവന്നു.

പ്ലസ് വൺ പ്രവേശനം എല്ലാ കുട്ടികൾക്കും ഉറപ്പാക്കുന്നതിനായി സീറ്റ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കൗൺസിലർ കെ മൊയ്തീൻകോയ നൽകിയ അടിയന്തരപ്രമേയം മേയർ തള്ളി. സീറ്റ് ഇല്ലാത്തതുകൊണ്ട് അപ്ലിക്കേഷനിൽ വരുന്ന പ്രശ്‌നങ്ങളാണ് അഡ്മിഷൻ കിട്ടാൻ കാലതാമസമെടുക്കുന്നതിന് കാരണമെന്ന് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞു. എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാണെന്നും 56935 സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു. എന്നാൽ എല്ലാ കുട്ടികൾക്കും സീറ്റ് ഉറപ്പാണെന്ന് മേയർ പറഞ്ഞത് വിശ്വസനീയമല്ലെന്ന് കൗൺസിലർ പറഞ്ഞു.
ഓണവിപണി ലക്ഷ്യമാക്കി മായം കലർന്ന ഭക്ഷ്യവസ്തുകൾ വിൽപ്പന നടത്തുന്നത് വർദ്ധിച്ചിരിക്കുകയാണ് ഇതിനെതിരെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ഗൗരവകരമായി എടുത്ത്
അന്വേഷണം നടത്തുന്നുണ്ടോയെന്ന് കൗൺസിലർ അൽഫോൻസാ മാത്യു ചോദിച്ചു.
കൃത്യമായ പരിശോധനകൾ നടത്തി വരുന്നുണ്ടെന്നും ഫുഡ് സേഫ്റ്റി വിഭാഗമാണ് ഈ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
കോർപ്പറേഷൻ കെട്ടിട അഴിമതി വിഷയത്തിൽ സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ എന്തടിസ്ഥാനത്തിലാണ് തിരിച്ചെടുക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർ ടി റെനീഷ് അടിയന്തിരപ്രമേയം ഉന്നയിച്ചു. കേസ് നടക്കുന്ന വിഷയമാണന്ന് പറഞ്ഞ് മേയർ ഡോ. ബീന ഫിലിപ്പ് പ്രമേയം തള്ളി. പലസ്ഥലങ്ങളിലും നടപ്പാതകൾ കാൽനടക്കാർക്ക് വഴി നടക്കാൻ പറ്റാത്ത അവസ്ഥയിൽ അനധികൃത നിർമാണങ്ങൾ നടത്തിയിരിക്കുകയാണെന്ന് യു.ഡി.എഫ് കൗൺസിലർ കെ.സി ശോഭിത പറഞ്ഞു. പലർക്കും നോട്ടീസുകൾ നൽകിയിട്ടുണ്ടെന്നും ഉടൻതന്നെ പൊളിച്ചു മാറ്റാനുള്ള നടപടികൾ തീരുമാനമാകുമെന്നും മേയർ പറഞ്ഞു.

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ
നിയമനിർമാണം ശക്തമാക്കണം
കോഴിക്കോട്: കോർപ്പറേഷൻ പരിധിക്കുള്ളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി വർദ്ധിക്കുന്നതായി കൗൺസിലർമാർ. ഇതിനായി പ്രത്യേക പദ്ധതി ആവശ്യമാണന്ന് കൗൺസിലർമാർ കൂട്ടായി ആവശ്യപ്പെട്ടു. ബീച്ച് ഹോസ്പിറ്റൽ ശിശുരോഗ വിഭാഗത്തിന്റെ പിന്നിലും ലയൺസ് പാർക്കിന്റെ പിന്നിലും ലഹരി മാഫിയ തമ്പടിച്ചിരിക്കുകയാണെന്ന് കൗൺസിലർ കെ.റംലത്ത് പറഞ്ഞു. വിദ്യാർത്ഥികളുൾപ്പെടെ ഇവിടെയെത്തുന്നു. ലയൺസ് പാർക്കിന്റെ മതിൽ ഉയർത്തിക്കെട്ടണമെന്നും റംലത്ത് ആവശ്യപ്പെട്ടു.
ലഹരിക്കടിമകളായ കുട്ടികളെ ചികിത്സിക്കുന്നതിനായി ട്രീറ്റ്‌മെന്റ് സെന്ററുകൾ തുടങ്ങണമെന്ന് കൗൺസിലർ സത്യഭാമ ആവശ്യപ്പെട്ടു. കൗൺസിലിംഗ് കേന്ദ്രങ്ങൾ ഇഷ്ടം പോലെയുണ്ടെങ്കിലും
ട്രീറ്റ്‌മെന്റ് സെന്ററുകളാണ് ആരംഭിക്കേണ്ടതെന്ന് ഡോ. അജിത പറഞ്ഞു. മാങ്കാവിൽ ഡി അഡിക്‌ഷൻ സെന്റർ ആരംഭിക്കാനുളള പ്രവർത്തനങ്ങളുമായി കോർപ്പറേഷൻ മുന്നോട്ടു പോവുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ മുസാഫിർ അഹമ്മദ് മറുപടിയായി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.