SignIn
Kerala Kaumudi Online
Friday, 19 April 2024 3.46 PM IST

കോഴിക്കോട്ട് സി.പി.എം-പൊലീസ് പോര് കമ്മിഷണറുടെ കസേര തെറിക്കുമോ..!

dcc

കോഴിക്കോട്: സി.പി.എം ജില്ലാ നേതൃത്വത്തിന്റെ കണ്ണിലെ കരടായി കോഴിക്കോട്ടെ സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ. മെഡിക്കൽകോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച കേസിലും ആവിക്കൽ മാലിന്യ നിർമ്മാർജന പ്ലാന്റ് വിരുദ്ധസമരത്തിലുമെല്ലാം പാർട്ടിയുടെ നിർദ്ദേശങ്ങളൊന്നും മാനിക്കാത്ത നിലപാടെടുക്കുന്നതാണ് കമ്മിഷണർ പാർട്ടിക്ക് അനഭിമതനാവാൻ കാരണം. കമ്മിഷണർക്കും കോഴിക്കോട്ടെ പൊലീസിനുമെതിരെ ഇന്നലെ മാദ്ധ്യമ പ്രവർത്തകരോട് രൂക്ഷമായ ഭാഷയിലാണ് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ പ്രതികരിച്ചത്.

ഇടത് സർക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് കമ്മിഷണറുടെ ഇടപെടലെന്നും ഇടതുപക്ഷത്തെ എതിർക്കുന്ന രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി മാറുന്നെന്നും ഇതിവിടെ അനുവദിക്കാനാവില്ലെന്നും മോഹനൻ കടുത്ത ഭാഷയിൽ പറഞ്ഞു. എ.വി.ജോർജ് റിട്ടയർചെയ്ത ഒഴിവിലേക്കാണ് അക്ബറെത്തുന്നത്. അദ്ദേഹം ചുമതലയേറ്റതോടെ പാർട്ടി നേതാക്കളും ജനപ്രതിനിധികളും ഇടപെടുന്ന വിഷയത്തിലൊന്നും കമ്മിഷണറുടെ സഹകരണമുണ്ടാവുന്നില്ലെന്ന ആക്ഷേപം ഉയരാൻതുടങ്ങിയിട്ട് മാസങ്ങളായി. അതാണിപ്പോൾ മെഡിക്കൽകോളേജ് വിഷയം വന്നതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇതോടെ കമ്മിഷണരുടെ കസേര എപ്പോ തെറിക്കുമെന്ന് നോക്കിയിരിക്കുകയാണ് ഇടത് പ്രവർത്തകർ.
മെഡിക്കൽകോളജിൽ സെക്യൂരിറ്റി ജീവനക്കാരെയും മാദ്ധ്യമപ്രവർത്തകനെയും ക്രൂരമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുന്ന വീഡിയോ പൊലീസ് വഴിയാണ് പുറത്താവുന്നത്. ഇത് ജനമദ്ധ്യത്തിൽ പാർട്ടിക്ക് വലിയ ക്ഷീണമാണുണ്ടാക്കിയത്. കേസ് ഒതുക്കിതീർക്കാൻ പാർട്ടിതലത്തിൽ ശ്രമങ്ങൾ നടന്നപ്പോൾ അതിനെ ശക്തമായിട്ടാണ് കമ്മിഷണരും അന്വേഷണ സംഘവും നേരിട്ടത്. പ്രതികളുടെ വീടുകളിൽ രാപ്പകലില്ലാതെ റെയ്ഡ് നടന്നു. ഒടുക്കം നിൽക്കക്കള്ളിയില്ലാതെ അഞ്ചുപേർക്ക് കീഴടങ്ങേണ്ട സാഹചര്യമുണ്ടായി. പൊലീസ് പ്രതിചേർത്ത ബാക്കി രണ്ടുപേരെ പിടികൂടാൻ നിരന്തരം വീടുകൾ കയറിയിറങ്ങി. ആക്രമിക്കപ്പെട്ടത് വിമുക്ത ഭടൻമാരായതിനാൽ പലഭാഗത്തുനിന്നും പൊലീസിനെതിരെ രൂക്ഷ വിമർശനങ്ങളുയർന്നു. കമ്മിഷണർ ഓഫീസിലേക്ക് വരെ വിമുക്തഭടൻമാരുടെ മാർച്ചുണ്ടായി. ഈ സാഹചര്യത്തിൽ എന്തുവിലകൊടുത്തും പ്രതികളെ അകത്താക്കേണ്ടത് പൊലീസിനും നിർബന്ധമായി. തുടർന്നുണ്ടായ റെയ്ഡുകളാണ് സി.പി.എം-ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചത്.
മെഡിക്കൽകോളേജ് സംഭവത്തിൽ പ്രതികളെ സംരക്ഷിക്കാൻ പാർട്ടി ഒരുതരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടില്ല. അവരെ ഒളിപ്പിക്കണമായിരുന്നെങ്കിൽ കണ്ടുപിടിക്കാനാവാത്തവിധം മാറ്റാൻ കഴിവുള്ള പാർട്ടിയാണ് സി.പി.എം. എന്നിട്ടും അത് ചെയ്യാതിരുന്നതിനെ അപഹസിക്കും രീതിയിലാണ് ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലെന്ന് പി.മോഹനൻ തുറന്നടിച്ചു. പുതിയ കമ്മിഷണർ ചുമതലയേറ്റശേഷമാണ് കോഴിക്കോട്ടെ പൊലീസിൽ ഇത്തരം മാറ്റങ്ങളെന്നും മോഹനൻ പറയുന്നു.
മെഡിക്കൽ കോളേജ് വിഷയത്തെ ഒരു ഘട്ടത്തിലും സി.പി.എം പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. പ്രതി ചേർക്കപ്പെട്ടവർക്കെതിരെ ന്യായമായ നിയമ നടപടികൾ സ്വീകരിക്കുന്നതിലും എതിർത്തിട്ടില്ല. നിയമാനുസൃത നടപടികൾ ഇത്തരം സംഭവങ്ങളിൽ സ്വീകരിക്കണം. എന്നാൽ അതിന്റെ മറവിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ പൊലീസ് നയത്തിന് വിരുദ്ധമായി സർക്കാരിനെ ജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താനും സർക്കാരിന്റെ പ്രതിഛായ തകർക്കുന്ന ഗൂഢാലോചന നടത്തുന്നതിനും രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായി മാറി നിലപാട് സ്വീകരിക്കുന്നുവെന്നും സംശയിക്കേണ്ടിയിരിക്കുന്നു. സംഭവത്തിൽ രണ്ടുപേർ ഒഴികെ മറ്റെല്ലാവരും പൊലീസിൽ കീഴടങ്ങിയതാണ്. രണ്ടു പ്രതികളെ കിട്ടാനുണ്ടെന്ന് പൊലീസ് പറയുന്നു അത് അന്വേഷിക്കട്ടെ. അതിനും എതിരല്ല. അതിന്റെ മറവിൽ റിട്ടയർ ചെയ്ത ബൽരാജ് ഡോക്ടറുടെ വീട്ടിലെത്തി പൊലീസ് ഭീഷണിപ്പെടുത്തിയ നടപടി നീതീകരിക്കാനാവില്ല. പ്രതി ചേർക്കപ്പെട്ട ആളുടെ പൂർണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ വിടാതെ പിന്തുടർന്ന് ഭീഷണിപ്പെടുത്തി.

പുതിയ കമ്മിഷണർ നഗരത്തിൽ ചാർജെടുത്ത ശേഷമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത്തരം ശരിയല്ലാത്ത രീതികൾ കോഴിക്കോട്ട് നടക്കില്ല. അതേസമയം, ആവിക്കൽ തോട് മാലിന്യപ്ലാന്റ് വിരുദ്ധസമരത്തിൽ തീവ്രവാദികൾ പൊലീസിനെതിരായ അക്രമം നടത്തിയിട്ടും അവർക്കെതിരെ ശക്തമായൊരു നടപടിയും സ്വീകരിക്കാതെ എല്ലാവർക്കും ഇറങ്ങിപ്പോരാവുന്ന വകുപ്പുകളിട്ടു. എന്നാൽ പ്രതിസ്ഥാനത്ത് സി.പി.എം പ്രവർത്തകരായപ്പോൾ അവരെ വേട്ടയാടുന്ന സമീപനവും. ഇത് അധികകാലും പോകില്ലെന്നും മോഹനൻ പറഞ്ഞു.

പൊലീസിനെ നിയന്ത്രിക്കുന്നത് സി.പി.എം

പാർട്ടി ഓഫീസാണോ: ഡി.സി.പ്രസിഡന്റ്


കോഴിക്കോട്: പൊലീസ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് സി.പി.എം പാർട്ടി ഓഫീസിൽ നിന്നാണോ എന്ന് ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ. മെഡിക്കൽകോളേജിൽ വിമുക്ത ഭടൻമാരായ സെക്യൂരിറ്റിക്കാരെ അതിക്രൂരമായാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദ്ദിച്ചത്. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെയും മർദ്ദിച്ചു. സി.പി.എമ്മിന്റെ സമ്മർദ്ദത്തെത്തുടർന്ന് ദിവസങ്ങളോളം പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായില്ല. ജനരോഷം വർദ്ധിച്ചപ്പോൾ സംഗതി പന്തിയാവില്ലെന്ന് കണ്ടാണ് പ്രതികൾ കീഴടങ്ങേണ്ട സാഹചര്യമുണ്ടായത്. അതിലുള്ള ജാള്യതയാണ് ഇപ്പോൾ സി.പി.എം.ജില്ലാ സെക്രട്ടറിയെ പൊലീസിനും കമ്മിഷണർക്കുമെതിരെ തിരിയാൻ പ്രേരിപ്പിച്ചത്. കേസിൽ രണ്ട് പ്രതികളും കണ്ടാലറിയാവുന്നവർ വേറെയുമുണ്ട്. അവരെ പിടികൂടാതിരിക്കണം. അതിനാണിപ്പോൾ നടത്തുന്ന ഭീഷണി. ഇതിന് കോഴിക്കോട്ടെ പൊലീസ് വഴങ്ങുകയാണെങ്കിൽ ശക്തമായ ജനകീയ പ്രതിഷേധം ഉയരുമെന്നും പ്രവീൺകുമാർ പറഞ്ഞു.

മെഡിക്കൽ കോളേജ് അതിക്രമം: പ്രതികളെ
ഗുണ്ടാലിസ്റ്റിൽ പെടുത്തണമെന്ന് ബി.ജെ.പി

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഗുണ്ടാവിളയാട്ടം നടത്തിയ കേസിലെ പ്രതികളെ സംരക്ഷിക്കുന്ന പരസ്യമായ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നതെന്നും ഇത് നിയമവാഴ്ച തകർക്കാനുളള ശ്രമമാണെന്നും ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനും വിമുക്തഭടനുമായ നരിക്കുനി സ്വദേശി ദിനേശനെ ആക്രമിച്ച ഡി.വൈ.എഫ്.ഐ.നേതാവ് കെ.അരുൺ ഉൾപ്പെടെയുളളവരുടെ പേരിൽ ഗുണ്ടാ ആക്ട് ഉപയോഗിച്ച് കേസെടുക്കണമെന്നും വി.കെ.സജീവൻ പറഞ്ഞു. എം.എൽ.എയും ഡി.വൈ.എഫ്.ഐ.നേതാവുമായ സച്ചിൻ ദേവ് കോടതിയിൽ പ്രതികൾക്ക് അകമ്പടി സേവിച്ചത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണ്. ഇത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്.
പൊലീസിനെ നിഷ്‌ക്രിയമാക്കാൻ കമ്മിഷണർക്കെതിരെ ഭീഷണി സ്വരത്തിൽ ആരോപണമുയർത്തി കോടതിയിൽ നിന്ന് 24 മണിക്കൂർ സമയത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഉടനെത്തന്നെ തിരികെ ജയിലിലെത്തിക്കുകയായിരുന്നു. ഇതേ പ്രതികൾ തന്നെ മുമ്പ് സമാനമായ രീതിയിൽ അക്രമം നടത്തിയിട്ടുണ്ട് അന്ന് പണം കൊടുത്ത് കേസ് ഒഴിവാക്കുകയായിരുന്നു. ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണി ഉയർത്തുന്ന ഇവരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തണം.കേരളാ മെഡിക്കൽ സർവീസസ് കോർപറേഷനിലെ കരാർ ജീവനക്കാരനായ ഒന്നാം പ്രതി കെ.അരുണിനെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നും സജീവൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി ഇ.പ്രശാന്ത് കുമാർ,ജില്ലാ വൈസ് പ്രസിഡന്റ് ഹരിദാസ് പൊക്കിണാരി, മേഖലാ ട്രഷറർ ടി.വി.ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ബി.കെ.പ്രേമൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.