SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.25 AM IST

നിരക്ഷരരെ കണ്ടെത്താൻ ജില്ലയിൽ സർവേ തുടങ്ങി

news
സാക്ഷരത

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നിരക്ഷരരെ കണ്ടെത്താനുള്ള സർവേയ്ക്ക് ജില്ലയിൽ തുടക്കമായി. പല കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്തവർക്ക് വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെ ദേശീയ സാക്ഷരതാ മിഷനാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാദേശിക ചർച്ചകളിലൂടെ കണ്ടെത്തിയ മേഖലകളിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ച സംഘാടക സമിതികളുടെ നേതൃത്വത്തിൽ സർവേ നടത്തുന്നത്. ജനപ്രതിനിധികൾ, പ്രേരക്മാർ, തുല്യതാ പഠിതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, എസ്‌.സി- എസ്.ടി പ്രമോട്ടർമാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, എൻ.എസ്.എസ് വോളന്റിയർമാർ, ലൈബ്രറി കൗൺസിൽ പ്രവർത്തകർ, മറ്റ് സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ സർവേയിൽ പങ്കാളികളായി.

ആദിവാസി വിഭാഗങ്ങൾ, എസ്.സി- എസ്.ടി, ന്യൂനപക്ഷങ്ങൾ, തീരദേശങ്ങളിലുള്ളവർ തുടങ്ങി വിവിധ മേഖലയിലുള്ള നിരക്ഷരരെ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നദ്ധ അദ്ധ്യാപകർക്ക് പരിശീലനം നൽകി പത്ത് പേരടങ്ങുന്ന പഠിതാക്കളെ ഉൾപ്പെടുത്തി ക്ലാസുകൾ രൂപീകരിക്കും. നിരക്ഷരർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള സാക്ഷരതാ ക്ലാസ് നൽകും. മൂന്ന് മാസം നീളുന്ന ക്ലാസുകളിലൂടെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കും. പരീക്ഷ നടത്തി പഠിതാക്കൾക്ക് സാക്ഷരരായി എന്ന് തെളിയിക്കുന്ന സർക്കാർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

സർവേയുടെ ജില്ലാതല ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മണ്ഡപം കോളനിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ജില്ലയിലെ 78 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സർവേ ആരംഭിച്ചു. നിരക്ഷരരുള്ള വീടുകളിലെത്തി ഗൂഗിൾ ഷീറ്റുപയോഗിച്ചുള്ള ഓൺലൈൻ സർവേയാണ് നടത്തുന്നത്. സർവേ 12 വരെ തുടരും.

ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ പദ്ധതി വിശദീകരിച്ചു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.എം.ശ്രീജിത്ത്, സാക്ഷരതാമിഷൻ സ്റ്റാഫ് സെക്രട്ടറി വി.എം.ബാലചന്ദ്രൻ, നോഡൽ പ്രേരക് സി.ഗോവിന്ദൻ, പ്രേരക് നാരായണി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.