SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.53 PM IST

ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കം

fest
കൊവിഡ് ജീവിത ചക്രവുമായി അനുസ്മയയും അഫ്നാനും

കോഴിക്കോട് : റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് നന്മണ്ട ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ മേളകളും വൊക്കേഷണൽ എക്‌സ്‌പോയുമാണ് ഇന്നലെ ആരംഭിച്ചത്. 22ന് സമാപിക്കും. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസർ എസ്റ്റേറ്റ്മുക്ക്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനൻ, നന്മണ്ട പഞ്ചായത്ത് അംഗം ഇ.കെ.രാജീവൻ, ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംജിത്ത്, എൻ.എച്ച്.എസ്.എസ് പ്രിൻസിപ്പൽ പി.ബിന്ദു, പ്രധാനാദ്ധ്യാപകൻ അബൂബക്കർ സിദ്ധീഖ് തുടങ്ങിയവർ പങ്കെടുത്തു. നന്മണ്ട ഹയർസെക്കൻഡറി സ്‌കൂളാണ് പ്രധാനവേദി. ശാസ്ത്ര, ഗണിത ശാസ്ത്ര മേളകൾ കോക്കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലും പ്രവൃത്തിപരിചയ, സാമൂഹിക ശാസ്ത്ര മേളകൾ നന്മണ്ട ഹയർസെക്കൻഡറിയിലും ഐ.ടി. മേള നന്മണ്ട 14ലെ സരസ്വതി വിദ്യാമന്ദിർ സ്‌കൂളിലുമാണ് നടക്കുന്നത്. 157 ഇനങ്ങളിലായി 5700 മത്സരാർത്ഥികൾ പങ്കെടുക്കും.

ശനിയാഴ്ച വൈകീട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.എം.സച്ചിൻദേവ് എം.എൽ.എ സമ്മാന വിതരണം നിർവഹിക്കും.

കൊവിഡിന്റെ ജീവിതം പറഞ്ഞ്
അനുസ്മയയും അഫ്നാനും

കോഴിക്കോട്: കൊവിഡ് വെെറസിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും മനുഷ്യരിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും വിശദമാക്കുകയാണ് ജി.എച്ച്.എസ്.എസ് കുറ്റ്യാടിയിലെ വിദ്യാർത്ഥികളായ അനുസ്മയയും അഫ്നാൻ അഹമ്മദും. വൃത്താകൃതിയിലുളള വലിയ ബേസിനിൽ കാർഡ് ബോർഡ് ഒട്ടിച്ചുണ്ടാക്കിയെടുത്ത വെെറസിന്റെ രൂപഘടനയും തൊട്ടടുത്തുള്ള ചാർട്ടിലെ വെെറസിന്റെ ജീവിത ചക്രവും ആകർഷിക്കുന്നതാണ്. രണ്ടാഴ്ച കൊണ്ടാണ് ചിത്രം രൂപകൽപ്പന ചെയ്തത്.

ജോലി ഭാരം കുറയ്ക്കും 'ഇലക്ട്രിക് അടുക്കള'

കോഴിക്കോട്: സമയവും ജോലി ഭാരവും കുറയ്ക്കുന്ന 'ഇലക്ട്രിക് അടുക്കള'യുമായി കുട്ടി ശാസ്ത്രജ്ഞൻ. മിനുട്ടുകൾ കൊണ്ട് തേങ്ങ ചിരവാനും, കോഫി ഉണ്ടാക്കാനും, പച്ചക്കറികൾ മുറിച്ചിടാനും, കെെ കഴുകാനുമുള്ള പുത്തൻവിദ്യയുമായി കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരനായ അഹിൻ കൃഷ്ണയാണ് കോക്കല്ലൂർ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ശാസ്ത്ര മേളയിൽ എത്തിയിരിക്കുന്നത്.

ഉപയോഗ ശൂന്യമായ സ്റ്റാന്റ് ഫാനിന്റെ പെഡലിൽ നിന്നാണ് തേങ്ങ ചിരവുന്ന കോക്കനറ്റ് ഗ്രയിന്റർ ഉണ്ടാക്കിയിരിക്കുന്നത്. ഫാനിന്റെ സ്റ്റാന്റിൽ എസി മോട്ടോറും മോട്ടോറിന്റെ ഷാഫ്റ്റിൽ ചിരവയും ഘടിപ്പിച്ചാണ് പ്രവർത്തനം. തേങ്ങ ചിരട്ടയിൽ തന്നെ നിറയുന്നതിനാൽ ചിരവി കഴിഞ്ഞ ശേഷം പാത്രത്തിലേക്ക് മാറ്രിയാൽ മതി. വേഗത കുറയ്ക്കാനും കൂട്ടാനും റഗുലേറ്റർ സംവിധാനവുമുണ്ട്.ഒരു മിനുട്ടുമതി രണ്ട് തേങ്ങ ചിരവാൻ. സെക്കൻഡുകൾക്കുള്ളിൽ കോഫി തയ്യാറാക്കുന്ന മെഷീനാണ് മറ്റൊരു കണ്ടുപിടിത്തം. ചതുരാകൃതിയിലുള്ള കാർഡ് ബോക്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു പാത്രത്തിൽ എമൽഷൻ കോയിലും 5 വാട്ടിന്റെ ഡി.സി പമ്പും ഇറക്കി വെച്ചാണ് വെള്ളം ചൂടാക്കുന്നത്. ഡി.സി മോട്ടോറിൽ ഘടിപ്പിച്ച വാട്ടർ ലെവൽ പെെപ്പ് വഴി മുകളിൽ പിടിപ്പിച്ച കോഫി പൗഡേഡ് ഡിസ്പെൻസറിലേക്ക് വെള്ളം എത്തുകയും അതിന്റെ അറ്റത്ത് ഘടിപ്പിച്ച പെെപ്പ് വഴി കോഫി എടുക്കാം.

പച്ചക്കറി അരിഞ്ഞിടാൻ 12 വാട്ടിന്റെ മോട്ടോറും അഡാപ്റ്ററും ഉപയോഗിച്ച് തയ്യാറാക്കിയ ഓട്ടോമാറ്റിക് സ്ളെെസറാണ് മറ്രൊരു കൗതുകം. അഡാപ്റ്റർ വെെദ്യുതിയുമായി കണക്ട് ചെയ്യുമ്പോൾ കാർഡ് ബോർഡിൽ ഘടിപ്പിച്ച ബ്ലേഡ് കറങ്ങുകയും കാർഡ് പച്ചക്കറി മുറിക്കുകയും ചെയ്യും.ഐ.ആർ സെൻസർ വഴിയാണ് ഓട്ടോമാറ്റിക് വാഷ് ബെയ്സിൻ പ്രവർത്തിക്കുന്നത്. താഴെ പാത്രത്തിൽ നിറച്ച സോപ്പ് ലായനിയിൽ ഒരു വാട്ടർ ലെവൽ പെെപ്പും പെെപ്പിന്റെ അറ്റത്ത് ഡി.സി മോട്ടോറുമുണ്ട്. കെെ അടുത്തെത്തുമ്പോൾ സെൻസർ ഡിക്ടറ്റ് ചെയ്യുകയും മോട്ടോർ പ്രവർത്തിച്ച് വെള്ളം വരികയും ചെയ്യും. കിനാലൂർ ചിന്ദ്രമംഗലം സ്വദേശികളായ അനിൽകുമാറിന്റെയും ഹരിശ്രീയുടേയും മകനാണ് അഹിൻ കൃഷ്ണ.

ട്രെയിനിൽ കയറാൻ പേടിക്കേണ്ട
സ്മാർട്ടാണ് റെയിൽവേ സ്റ്റേഷൻ

കോഴിക്കോട്: സുരക്ഷിതമായി ട്രെയിനിൽ കയറാം ഈ സ്മാർട്ട് റെയിൽവേ സ്റ്റേഷനിലെത്തിയാൽ. റെയിൽ വേ പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനായി സ്മാർട്ട് റെയിൽവേ സ്റ്റേഷനുമായെത്തിയത് വടകര എം.ജെ.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികളായ എ.സിയാ ഫാത്തിമയും മിഥിലാജ് ഷിഹാബും. അൾട്രാസോണിക് സെൻസറിന്റെ സഹായത്താൽ ട്രെയിൻ സാന്നിദ്ധ്യം തിരിച്ചറിയുകയും ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയിൽ വിടവ് ഇല്ലാതാകുകയും ചെയ്യുന്നു. ഇതുവഴി യാത്രക്കാർക്ക് ഭയമില്ലാതെ ട്രെയിനിൽ കയറാൻ സാധിക്കും.

മുക്കം മുന്നിൽ

ബാലുശ്ശേരി: ശാസ്ത്രമേള ഒന്നാംദിനം പിന്നിടുമ്പോൾ 795 പോയിന്റുമായി മുക്കം ഉപജില്ല ഒന്നാംസ്ഥാനത്ത്. കോഴിക്കോട് സിറ്റി (759) രണ്ടാം സ്ഥാനത്തും തോടന്നൂർ (691) മൂന്നാംസ്ഥാനത്തുമാണ്. സ്കൂൾ തലത്തിൽ 317 പോയിന്റുകളുമായി മേമുണ്ട ഹയർസെക്കൻഡ‌റി സ്കൂളാണ് ഒന്നാംസ്ഥാനത്ത്. മടവൂർ ചക്കാലക്കൽ ഹൈസ്കൂളും മേപ്പയ്യൂർ ജി.വി.എച്ച്.എസുമാണ് രണ്ടുംമൂന്നും സ്ഥാനത്ത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.