SignIn
Kerala Kaumudi Online
Friday, 29 March 2024 9.00 PM IST

കോഴിക്കോട് വീണ്ടും ചത്ത കോഴി വിൽപ്പന പിടിച്ചത് 80 കിലോ

hen

കോഴിക്കോട്: നഗരത്തിലെ ചത്ത കോഴി വിൽപ്പന ഒടുവിൽ പൊക്കി. നടക്കാവ് പൊലീസ് സ്റ്റേഷന് സമീപത്തെ സി.പി.ആ‌‌ർ ചിക്കൻ കടയിൽ നിന്നാണ് വിൽപ്പനയ്ക്ക് വെച്ച 80 കിലോ ചത്ത കോഴികൾ പിടികൂടിയത്. എരഞ്ഞിക്കൽ പുതിയപാലത്തിന് സമീപത്തെ ബി.കെ.എം ചിക്കൻ സ്റ്റാളിൽനിന്ന്‌ 2000 കിലോയോളം ചത്ത കോഴികളെ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇവരുടെ തന്നെ നടക്കാവിലെ സ്റ്റാളിൽ നിന്നാണ് ഇന്നലെ വിൽപ്പനയ്ക്ക് വെച്ച ചത്ത കോഴികൾ പിടികൂടിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം, ഭക്ഷ്യ സുരക്ഷാ ഓഫീസർ, വെറ്ററിനറി വിഭാഗം എന്നിവർ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. കടയിൽ ജീവനുള്ള ഒരു കോഴി പോലും ഉണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരെ കണ്ടയുടൻ കടയിലുണ്ടായിരുന്ന രണ്ട് ജോലിക്കാർ ഇറങ്ങിയോടി. ചിക്കൻ മുറിക്കുന്ന മരത്തിൽ ചോരപ്പാടുകൾ കണ്ടെത്തി. പോസ്റ്റുമോർട്ടം ചെയ്ത കോഴികളിൽ ശ്വാസകോശ അണുബാധ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വിഭാഗം സാമ്പിൾ പരിശോധനയ്ക്കെടുത്തു. കടയുടെ പേര് എടുത്ത് മാറ്റിയനിലയിലായിരുന്നു. അതേസമയം കട ഇന്നലെ തുറന്നില്ലെന്ന് ഉടമയായ സി.പി റഷീദ് പറഞ്ഞു. കോർപ്പറേഷൻ ആരോഗ്യ വിഭാഗം വെള്ളയിൽ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് കെ.കെ, വെറ്ററിനറി ഡോക്ടർ ശ്രീഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജീഷ് വി.ജി, കെ.ടി.ഷാജു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ഉടമയായ സി.പി.റഷീദിന് ജില്ലയിലുടനീളം കോഴിക്കടകളുണ്ട്. കോഴിക്ക് 200 രൂപയാണ് മറ്റു കടകളിൽ വിലയെങ്കിൽ 120 രൂപയ്ക്കാണ് ഇവിടെ വിൽപ്പന. ഷവർമക്കും കട്‌ലറ്റ് ഉണ്ടാക്കുവാനും ഇവിടെ നിന്നാണ് കോഴികളെ കൊണ്ടുപോയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. കോഴികളെ ചൂട് കുറവുള്ള സമയത്ത് തീറ്റയും വെള്ളവും കൃത്യമായി നൽകി മാത്രമേ കൊണ്ടുവരാൻ പാടുള്ളു. കൂടുതൽ സമയം വാഹനത്തിൽ കുടുങ്ങിക്കിടന്നതിനാലാണോ കൂട്ടത്തോടെ ചത്തതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചത്ത കോഴികളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് നഗരത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

150 ബോക്സുകളിലായി 2000 കിലോ ചത്ത കോഴികൾ

എരഞ്ഞിക്കൽ ബി.കെ.എം ചിക്കൻ സ്റ്റാളിന്റെ ഗോഡൗണിൽ 150 ബോക്സുകളിലായി 2000 കിലോ ചത്ത കോഴികളെയാണ് കണ്ടെത്തിയത്. പ്രദേശത്ത് ദുർഗന്ധം പരന്നതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് ബുധനാഴ്ച ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. ചിക്കൻ സ്റ്റാളിന് അടിയിലായി നിർമിച്ച ഗോഡൗണിലെ ഇരുമ്പ് ബോക്സുകളിലും ബാക്കി തൊലിയറുത്ത് ഫ്രീസറുകളിൽ സൂക്ഷിച്ച നിലയിലുമായിരുന്നു. പരിശോധനയെ തുടർന്ന് സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി.

ആരോപണം തള്ളി കടയുടമ

സി.പി.ആർ ചിക്കൻ സ്റ്റാളുകൾക്കു നേരെ നടക്കുന്ന ആരോപണം വ്യക്തി വൈരാഗ്യം തീർക്കാനാണെന്ന് കടയുടമ സി.പി റഷീദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കടകൾ അടപ്പിച്ച് കച്ചവടം നശിപ്പിക്കലാണ് ചിലരുടെ ഉദ്ദേശം. എട്ടാം തിയതി രാത്രിയാണ് തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന് ഒരു ലോഡ് ചിക്കൻ കൊണ്ടുവന്നത്. ഓട്ടത്തിനിടെ ചെർപ്പുളശ്ശേരിയിൽ ലോറി പഞ്ചറായി. അവിടെ നിന്ന് പുറപ്പെട്ട് കൊഴിഞ്ഞാംപാറയിൽ എത്തിയപ്പോൾ ലോറി ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിറ്റേ ദിവസം രാത്രിയാണ് ലോറി കോഴിക്കോടെത്തിയത്. അപ്പോഴേക്കും പകുതി കോഴികൾ ചത്തു. ഇവ എടുത്തുമാറ്റാൻ ഫ്രഷ് കട്ട് സ്ഥാപനത്തെ അറിയിച്ചെങ്കിലും പിറ്റേ ദിവസം എടുക്കാമെന്നാണ് അറിയിച്ചത്. പിന്നീട് എരഞ്ഞിക്കലിലെ കടയിൽ ചത്ത കോഴികളെ ഇറക്കുകയായിരുന്നു. വില കുറച്ച് നൽകുന്നതിനോട് പലർക്കും എതിർപ്പുണ്ട്. ചത്തകോഴികളെ വിൽക്കേണ്ട സാഹചര്യം തനിക്കില്ല. കളക്ടർക്ക് പരാതി നൽകും. നിയമപരമായി മുന്നോട്ടുപോകുമെന്നും കടയുടമ സി.പി.റഷീദ് പറഞ്ഞു. കേരള ചിക്കൻ വ്യാപാരി വെൽഫെയർ ട്രസ്റ്റ് ജനറൽ സെക്രട്ടറി റഫ്‌സൽ ഒളവണ്ണയും പങ്കെടുത്തു.

ഒരു കിലോ കോഴി ഇറച്ചിയ്ക്ക്
ഒരു കിലോ പച്ചക്കറി ഫ്രീ!

കോഴിക്കോട്: എരഞ്ഞിക്കലിലേയും നടക്കാവിലേയും കോഴി ഇറച്ചി സ്റ്റാളുകളിൽ നിന്ന് വിൽപ്പനയ്ക്കുവെച്ച ചത്ത കോഴികൾ പിടികൂടിയതോടെ എം.കെ.ബി ചിക്കൻ സ്റ്റാളിനെതിരെ കൂടുതൽ ആരോപണവുമായി നാട്ടുകാർ. പലതരം ഓഫറുകൾ നൽകിയാണ് ഇവരുടെ സ്റ്റാളുകളിൽ ഇറച്ചി കച്ചവടമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു കിലോ കോഴി ഇറച്ചി വാങ്ങിയാൽ ഒരു കിലോ പച്ചക്കറി സൗജന്യമായി നൽകുന്നതാണ് ഇവരുടെ മെഗാ ഓഫർ. നഗരത്തിൽ പലയിടങ്ങളിൽ ഇവർക്ക് ശാഖകളുണ്ട്. ഇവിടെയെല്ലാം പച്ചക്കറി ഓഫറുണ്ട്. പാർട്ടികൾക്കും മറ്റുമായി വലിയ ഓർഡറുകളാണ് സ്റ്റാളുകളിൽ വന്നിരുന്നത്. നേരത്തെ ചെറുവണ്ണൂർ, പുതിയങ്ങാടി, നടക്കാവ്, ഇടിയങ്ങര എന്നിവിടങ്ങളിലെ ഇവരുടെ ഔട്ട്‌ലെറ്റുകളിൽ ചത്ത കോഴി വിൽപ്പന കണ്ടെത്തുകയും നടപടി എടുക്കുകയും ചെയ്തിരുന്നു. ഇറച്ചി വിൽപ്പന നടത്തുന്ന പല ഇറച്ചി കടകളിലും ചത്ത കോഴി ഇടകലർത്തി വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു. തമിഴ്നാട്, കർണാടക അതിർത്തികളിലെ ഫാമുകളിൽ നിന്ന് അസുഖം ബാധിച്ച് ചാവുന്ന കോഴികളെയാണ് പലപ്പോഴും സംസ്ഥാനത്തേക്ക് നികുതി വെട്ടിച്ച് ഇറക്കുമതി ചെയ്യുന്നത്. പുലർച്ചെ എത്തുന്ന ഇത്തരം ലോറികൾ ആരുടെയും ശ്രദ്ധയിൽ പെടാറില്ല. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ മൊത്തക്കച്ചവടക്കാർ പലരും ഇത്തരം കോഴികൾ വാങ്ങാറുണ്ട്.

ഇറച്ചിക്കടകളിൽ പരിശോധന
കടുപ്പിക്കാൻ കോർപ്പറേഷൻ

കോഴിക്കോട് : എരഞ്ഞിക്കലിലും നടക്കാവിലും ചത്ത കോഴികളുടെ ഇറച്ചി വിൽപ്പന കണ്ടെത്തിയ പശ്ചാത്തലത്തിൽ സംയുക്ത പരിശോധന നടത്താൻ കോർപ്പറേഷൻ തീരുമാനം. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഭക്ഷ്യസുരക്ഷ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ സംയുക്ത പരിശോധന നടത്തുമെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഡോ.എസ്. ജയശ്രീ അറിയിച്ചു.

എം.സി. അനിൽകുമാർ അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. കർശന നിയമം കൊണ്ടുവരുന്നതിന് സർക്കാർ തലത്തിൽ ചർച്ച നടത്തണമെന്ന് മേയർ ഡോ.ബീന ഫിലിപ്പ് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്നത്തിൽ കോർപ്പറേഷൻ ശക്തമായ ഇടപെടലുകൾ നടത്തും. വിൽപ്പന നടത്തുന്നവരെ മാത്രമല്ല, കൊണ്ടുവരുന്നവരെയും പിടിക്കണം. നടപടികൾ ഉറപ്പാക്കാൻ കളക്ടറോടും സർക്കാരിനോടും കോർപ്പറേഷൻ ആവശ്യപ്പെട്ടു.


നാട്ടുകാരുടെ ഇടപെടൽ കൊണ്ടാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്. ആരോഗ്യ വിഭാഗം ഉറങ്ങുകയാണെന്ന് യു.ഡി.എഫ് അംഗം കെ. മൊയ്തീൻ കോയ കുറ്റപ്പെടുത്തി. പിടിക്കപ്പെട്ട കട ഉടമയ്ക്ക് നഗരത്തിലെ പലയിടത്തും കോഴിക്കച്ചവടം ഉണ്ട്. അറവുശാലകളിലും തട്ടിപ്പ് നടക്കുന്നുണ്ട്. 66 കടകളിൽ മാത്രമാണ് ആടുമാടുകളെ അറക്കാൻ ലൈസൻസ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നാട്ടുകാരുടെ ഇടപടലിനെ തുടർന്നാണ് എരഞ്ഞിക്കലിലെ കോഴിവിൽപന തടയാൻ സാധിച്ചതെന്ന് കോർപ്പറേഷൻ ആരോഗ്യ വിഭാഗം കാര്യങ്ങൾ കൃത്യമായി ചെയ്തെന്നും കൗൺസിലർ ഇ.പി. സഫീന പറഞ്ഞു.എൻ.സി.മോയിൻ കുട്ടി, അൽഫോൺസ മാത്യു, ടി.റനീഷ്, ടി. മുരളീധരൻ, വി.പി.മനോജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കോർപ്പറേഷൻ

നടപടിയെടുത്തു

സംഭവം അറിഞ്ഞ ഉടൻ കോർപ്പറേഷൻ കൃത്യമായ നടപടിയെടുത്തെന്ന് ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. 142 പെട്ടി ചത്ത കോഴികളെയാണ് പിടികൂടിയത്. 3200 കിലോ കോഴി പിടികൂടി നീക്കം ചെയ്തു. 165 കടകൾ പരിശോധിച്ചു. നടക്കാവിലെയും എരഞ്ഞിക്കലിലെയും കടകൾ അടച്ചു പൂട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.