കോഴിക്കോട്: ഓടുന്ന ട്രെയിനിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാക്കൾ പിടിയിൽ. കോഴിക്കോട് പുതിയങ്ങാടി നടുവിലകം വീട്ടിൽ ടി.കെ. ജനീസ് (24), വെസ്റ്റ്ഹിൽ അത്താണിക്കൽ നാരങ്ങാളിപറമ്പ് റീന നിവാസിൽ സുദർശ് (25) എന്നിവരാണ് അറസ്റ്റിലായത്.
നവംബർ 30ന് രാത്രി വെസ്റ്റ്ഹിൽ ,എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചാണ് തിരുവനന്തപുരം-നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ കേസെടുത്ത കോഴിക്കോട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അന്വേഷണം നടത്തുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു.ആർ.പി.എഫ് ഇൻസ്പെക്ടർ ഉപേന്ദ്രകുമാറും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കോഴിക്കോട് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വെസ്റ്റ്ഹിൽ, എലത്തൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ നേരത്തെയും ട്രെയിനിനുനേരെ കല്ലേറുണ്ടായിരുന്നു. റെയിൽവേ ട്രാക്കിനു സമീപത്ത് തമ്പടിക്കുന്ന മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |