SignIn
Kerala Kaumudi Online
Friday, 29 March 2024 2.41 AM IST

കടലിന്റെ കലി: പൊന്നാനി തീരത്ത് വഴിയാധാരമായത് 20 കുടുംബങ്ങൾ

kadal
തീരത്തെ വീടിനകത്തേക്ക് തിരമാലകൾ അഞ്ഞടിക്കുന്നു. പൊന്നാനി തീരത്തു നിന്നുള്ള കാഴ്ച്ച

പൊന്നാനി: രണ്ടുദിവസത്തെ കടലിന്റെ കലിയിൽ പൊന്നാനി തീരത്ത് വഴിയാധാരമായത് 20 കുടുംബങ്ങൾ. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള തീരത്തെ 20 പേരുടെ വീടുകളാണ് രണ്ട് ദിവസങ്ങളിലായി കടലെടുത്തത്. ശനിയാഴ്ച്ച 19 വീടുകളും, ഇന്നലെ ഒരു വീടുമാണ് പൂർണ്ണമായും കടലെടുത്തത്. എഴുപതോളം വീടുകൾ ഭാഗികമായി തകർന്നു. ഇതിൽ ഇരുപതോളം വീടുകൾക്ക് വാസയോഗ്യമല്ലാത്ത നിലയിൽ കേടുപാടുകളുണ്ട്.

ജീവിതസമ്പാദ്യമായി പടുത്തുയർത്തിയ വീടുകൾ കടൽ വിഴുങ്ങുന്നത് നിസ്സഹായതയോടെ ഇവർക്ക് നോക്കി നിൽക്കേണ്ടി വന്നു. കഴിഞ്ഞ വർഷം ഇവരുടെ സ്ഥാനത്ത് മറ്റാരൊക്കെയോ ആയിരുന്നു. അടുത്ത മഴയിൽ ഇതേ അവസ്ഥ നേരിടാൻ തയ്യാറായി നിൽക്കുന്നവരാണ് തീരത്തുള്ളത്. കിടപ്പാടം കടലെടുത്ത് തെരുവിലേക്കിറക്കപ്പെടുന്ന ദാരുണാവസ്ഥക്ക് എന്ന് അറുതിയാകുമെന്ന ചോദ്യമാണ് തീരം അധികൃതർക്കു മുന്നിൽ ഉയർത്തുന്നത്.

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് സമാനതകളില്ലാത്ത ദുരിതമാണിവിടങ്ങളിൽ. പൊന്നാനി നഗരസഭയിലെ അഴീക്കൽ, മരക്കടവ്, മുറിഞ്ഞി മേഖലകൾ ദുരന്ത സമാന സാഹചര്യത്തിലേക്ക് മാറി. അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധമായിരുന്നു കടലിന്റെ രാക്ഷസ ഭാവം. അടിത്തട്ട് കലങ്ങി ചെളി നിറഞ്ഞ അവസ്ഥയിലായിരുന്നു കടൽ. വലിയ തോതിൽ മണലും ചെളിയും തീരത്ത് നിക്ഷേപിച്ചാണ് തിരമാലകൾ കടലിലേക്ക് വലിയുന്നത്. തീരത്തോടു ചേർന്ന വീടുകളിൽ ആഞ്ഞടിച്ച തിരമാലകൾ വീടുകളുടെ തകർച്ച ഉറപ്പാക്കിയാണ് ഉൾവലിഞ്ഞത്.

മണലിന്റെ പണി

കടലാക്രമണത്തിനൊപ്പം തിരമാലകൾ നിക്ഷേപിക്കുന്ന മണൽ ശേഖരവും കെട്ടിക്കിടക്കുന്ന മലിനജലവും തീരത്തെ ജീവിതങ്ങളെ ദുരിത പർവ്വത്തിലെത്തിക്കുന്നു.

പൊന്നാനി അലിയാർ പള്ളിക്ക് പിൻവശം മുതൽ ഇവ കാരണം തീരവാസികൾ പൊറുതിമുട്ടുകയാണ്.

മുറിഞ്ഞഴി മേഖലയിലെ റോഡ് മണൽ മൂടിയ അവസ്ഥയിലാണ്.കടൽ ശാന്തമാകുമ്പോൾ റോഡിലെ മണൽ എടുത്തു മാറ്റിയാണ് ഗതാഗതയോഗ്യമാക്കുന്നത്.

കടൽവെള്ളത്തിനൊപ്പം മണൽ വീടുകളിൽ കയറാതിരിക്കാൻ മരപ്പലകകളും ഷീറ്റുകളും ഉപയോഗിച്ച് പ്രതിരോധം തീർത്തിരിക്കുകയാണ്. തീരത്തെ തെങ്ങുകൾ പകുതിയോളം മണൽ മൂടി. പല വീടുകളിലും മണൽ കയറിയത് കാരണം വീട്ടുകാർ താമസം മാറ്റി

വെള്ളക്കെട്ടും ദുരിതം

തീരത്ത് മഴവെള്ളവും കടൽവെള്ളവും കെട്ടിക്കിടക്കുന്നത് വലിയ ദുരിതമാണ് നൽകുന്നത്.

ശാസ്ത്രീയമായ അഴുക്കുചാലുകളുടെ അഭാവം കാരണം മഴക്കാലങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. കടലിലേക്കുള്ള ഓവുകളിലൂടെ കടൽവെള്ളം തീരത്തേക്ക് എത്തുന്നു. ചെളി കലർന്ന കടൽവെള്ളം കടുത്ത ആരോഗ്യ പ്രശ്നമാണ് ഉണ്ടാക്കുന്നത്.

വീടുകളുടെ കോമ്പൗണ്ടിൽ കെട്ടിനിൽക്കുന്ന വെള്ളം സെപ്ടിക് ടാങ്കുകൾ നിറഞ്ഞു കവിയാൻ കാരണമാകുന്നു. കൊതുകുശല്യവും രൂക്ഷമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PONNANI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.