എടവണ്ണ : പത്തപ്പിരിയത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ കൃഷിയിടത്തിൽ നിന്നും തിരിച്ചു പോരുന്ന വഴിക്ക് പത്തപ്പിരിയം സ്വദേശി പി. രാമകൃഷ്ണന് തെരുവുനായയുടെ കടിയേറ്റു. കൈയിനാണ് കടിയേറ്റത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സതേടി. പത്തപ്പിരിയം സ്വദേശിയായ അനിൽ നെല്ലാണിയേയും നായ കടിച്ചിരുന്നു. രാവിലെ 11 ഓടെ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുകയായിരുന്നു പി. രാമകൃഷ്ണൻ. ചായ കുടിക്കാനായി മലയിൽ നിന്നും ഇറങ്ങുന്ന വഴിയാണ് തെരുവുനായ ആക്രമിച്ചത്. എടവണ്ണയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്. ടൗണിൽ അടക്കം തെരുവുനായകൾ കൂട്ടമായി തമ്പടിക്കുന്ന സ്ഥിതിയുമുണ്ട്. തെരുവുനായയുടെ ആക്രമണത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷിനും സിരിജഗൻ കമ്മിറ്റിക്കും രാമകൃഷ്ണൻ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |