പെരിന്തൽമണ്ണ: സ്കൂളുകൾ തുറക്കാനിരിക്കെ പെരിന്തൽമണ്ണ -വളാഞ്ചേരി റൂട്ടിൽ കെ.എസ്. ആർ.ടി.സി ബസ് സർവീസുകൾ പുനരാംരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് വേണം കുട്ടികളെ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിക്കാൻ . ഇക്കാര്യത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ആശങ്കാകുലരാണ്. സ്കൂൾ ബസുകളിൽ ഒരു സീറ്റിൽ ഒരു കുട്ടിയെ ഇരുത്തി കൊണ്ടു വരാനുള്ള നിർദ്ദേശം ചെലവ് ഇരട്ടിയിലധികമാക്കും. ഈ അവസ്ഥയിൽ വിദ്യാർത്ഥികളുടെ യാത്രാപ്രശ്നം ഒരളവുവരെ പരിഹരിക്കാൻ പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിലെങ്കിലും കെ.എസ്. ആർ.ടി.സി സർവീസ് ആരംഭിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഈ റൂട്ടിൽ ഗവ., എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി, 3 കോളേജുകൾ, 8 എച്ച്.എസ്.എസുകൾ, പത്തോളം എൽ.പി, യു.പി വിദ്യാലയങ്ങൾ എന്നിവയുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ ബസ് സർവീസ് കുറഞ്ഞത് വിദ്യാലയങ്ങൾ തുറക്കും മുമ്പ് തന്നെ ഈ റൂട്ടിലെ യാത്രാപ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |