SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.40 PM IST

കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്തത് 107 കേസുകൾ: ലഹരിയോട് പറയൂ..'ജാവോ'

drugs

മലപ്പുറം: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കൂട്ടമായിരുന്നുള്ള പുകവലി, ഗ്രാമപ്രദേശങ്ങളിലെ ഊടുവഴികളിലും മറ്റുമുള്ള ലഹരി ഉപയോഗവും വിൽപ്പനയും. ഇത്തരം കാഴ്ചകൾ നമ്മുടെ സമൂഹത്തിൽ ഇപ്പോഴും ഏറെയുണ്ട്. ന്യൂ ജനറേഷൻ മയക്കുമരുന്നുകളിൽ അഭിരമിച്ച് ജീവിതത്തിന്റെ നല്ല കാലം തീർക്കുന്ന ഒരുതലമുറ വളർന്നു വരുന്നുണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ ഏപ്രിലിൽ ജില്ലയിൽ നൂറിൽ പരം കേസുകളാണ് നാർക്കോട്ടിക് സെൽ പിടിച്ചിട്ടുള്ളത്. പിടിക്കപ്പെട്ടവയിൽ അധികവും എം.ഡി.എം.എ, ഹാഷിഷ് പോലുള്ളവയാണ്. പോക്കറ്റ് മണി കണ്ടെത്താൻ ലഹരി വിൽപ്പന തൊഴിലാക്കി മാറ്റിയവരും ഇക്കൂട്ടത്തിലുണ്ട്. വൻ മാഫിയകളുടെ ഏജന്റുകളായോ ലോക്കലായി വിതരണം ചെയ്യുന്നവരോ ആയിട്ടാണ് കൂടുതലാളുകളും പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിലെ തേനി, കമ്പം പോലെയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ലഹരി ഉത്പന്നങ്ങൾ ജില്ലയിലെത്തിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇത്തരക്കാരുടെ രീതി. കൗമാരക്കാരടക്കം ഇതിന്റെ ഇരകളാണ്. അന്യ സംസ്ഥാന തൊഴിലാളികളാണ് ലഹരി ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. അന്യ സംസ്ഥാന തൊഴിലാളികളിലെ ലഹരി ഉപയോഗം വീക്ഷിക്കുന്നതിനായി എക്സൈസ് പ്രത്യേക നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സ്കൂളുകളിലെ ലഹരി ഉപയോഗം തടയാൻ എസ്.പി.സി പോലെയുള്ള സംവിധാനങ്ങളും ഇപ്പോൾ സജീവമാണ്.

രക്ഷയുളളത് ഡീ അഡിക്ഷൻ സെന്ററുകളിൽ

ലഹരി ഉപയോഗത്തിനും വിൽപ്പനക്കും ശിക്ഷവിധിക്കാൻ അവയുടെ അളവൊരു പ്രധാന ഘടകമാണ്. അതിൽ തന്നെ ജാമ്യം ലഭിക്കുന്നതും അഴിയെണ്ണേണ്ടി വരുന്നതുമായ വകുപ്പുകളുമുണ്ട്. 2019, 2020, 2021 വർഷങ്ങളിലായി ലഹരിയുമായി ബന്ധപ്പെട്ട് ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 1,​500ന് മുകളിലാണ്. പിടിക്കപ്പെടുന്നവരിൽ അധികവും 25-30 വയസിന് താഴെയുള്ളവരാണെന്നും നാർകോട്ടിക്സ് അധികൃതർ പറയുന്നു. എക്സൈസ് ഇടപെട്ട് ചില കേസുകൾ ഡീ അഡിക്ഷൻ സെന്ററുകളിലേക്കെത്തിക്കാറുണ്ട്. വിമുക്തിയുടെ കീഴിൽ നിലമ്പൂരിലാണ് ഡി അഡിക്ഷൻ സെന്ററുള്ളത്. തിരൂരങ്ങാടി, മലപ്പുറം മഅ്ദിൻ, മഞ്ചേരി മെഡിക്കൽ കോളേജ്, വെട്ടം വി.ആർ.സി തുടങ്ങിയ സ്ഥലങ്ങളിലും കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു.

ഏപ്രിൽ മാസത്തിൽ പിടിച്ചത്

കഞ്ചാവ് : 3.9കിലോഗ്രാം

ബ്രൗൺ ഷുഗർ : 451 ഗ്രാം

എം.ഡി.എം.എ : 880 ഗ്രാം

ഹാഷിഷ് : 22 ഗ്രാം

ആകെ കേസുകൾ 107

ജീവനെടുക്കുന്ന സൗഹൃദ ലഹരികൾ

സ്കൂൾ കോളേജ് കാലഘട്ടത്തിലെ ചീത്ത കൂട്ടുക്കെട്ടിൽ നിന്ന് ലഹരിക്കടിമയായവർ നിരവധിയുണ്ടെന്നാണ് മഅ്ദിൻ ഡീ അഡിക്ഷൻ സെന്ററിലെ സൈക്കാട്രിസ്റ്റ് ഡോ.ഷബീർ പറയുന്നത്. കൂടുതലും ന്യൂ ജനറേഷൻ മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരാണ്. ഇവരെല്ലാം പൂർണമായും ലഹരിയിൽ നിന്ന് വിമുക്തി നേടുമെന്ന് പറയാനാവില്ല. സെന്ററുകളിൽ നിന്ന് ഭേദമായി പുറത്ത് പോവുന്നവരിൽ പലരും വീണ്ടും ലഹരി ഉപയോഗിക്കുന്നവരായി മാറാറുണ്ട്. എങ്കിലും അവരെ നല്ല സാഹചര്യങ്ങളിലേക്ക് കൈപിടിച്ചുയ‌ർത്താനാകും. ബോധവത്കരണങ്ങൾ നൽകുക എന്നതാണ് പ്രധാനം. അത്തരം പ്രവർത്തനങ്ങൾ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തി വരുന്നുണ്ട്.

ലഹരിയും മനുഷ്യരും

നാൽപതോളം ആളുകളാണ് മഞ്ചേരി മെഡിക്കൽ കോളേജിന് കീഴിലുള്ള സെന്ററിൽ സ്ഥിരമായി ചികിത്സയിൽ ഉണ്ടാവാറുള്ളത്. 100 പേരിൽ 85 ശതമാനം ആളുകളും സെന്റർ വിട്ടാലും വീണ്ടും ലഹരി ഉപയോഗിക്കുന്നവരായി മാറാൻ സാദ്ധ്യതയുണ്ടെന്ന് മഞ്ചേരിയിലെ സൈക്യാട്രിസ്റ്റ് പറയുന്നു. ഡബ്ല്യു.എച്ച്.ഒയുടെ കണക്കും അങ്ങനെയാണ്. ചികിത്സയ്ക്കെത്തുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാളും കുറവാണെങ്കിലും യുവതികളായ സ്ത്രീകളും ലഹരിക്കടിമപ്പെടാറുണ്ട്. അസുഖങ്ങൾക്ക് മരുന്ന് കഴിച്ച് ലഹരിയോട് അടിമപ്പെട്ടവരുമുണ്ട്. സ്ത്രീകളിൽ അത്തരക്കാരെയാണ് കൂടുതലും കാണുന്നത്. കുട്ടികൾ ലഹരിയിൽ ആകൃഷ്ടരാകാതിരിക്കാൻ പുതിയ കാലത്തെ പാരന്റിംഗ് പ്രധാന ഘടകമാണെന്നും അദ്ദേഹം പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.