തിരൂരങ്ങാടി: തിങ്കളാഴ്ച രാത്രിയിലെ കനത്തമഴയിൽ ചെറുമുക്കിൽ ജലനിധി കിണർ ഇടിഞ്ഞു. നന്നമ്പ്ര പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ചെറുമുക്ക് ജീലാനി നഗറിലെ ജീലാനി ശുദ്ധജല വിതരണ സംഘം പദ്ധതി ജലനിധി കിണറാണ് ഇടിഞ്ഞത്. മോട്ടോർ പമ്പ് ഹൗസ്, മീറ്റർ എന്നിവയും കിണറിലേക്ക് ഇടിഞ്ഞു വീണു. എഴുപതോളം വീട്ടുകാർക്ക് ഗുണകരമാകുന്ന കുടിവെള്ള പദ്ധതിയാണിത്. രാവിലെ മോട്ടോർ ഇടാൻ പോയപ്പോഴാണ് കിണറിടിഞ്ഞത് ശ്രദ്ധയിൽപ്പെട്ടത്.
ഇവിടെ നിന്ന് രണ്ട് സമയങ്ങളിലായി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ഇതോടെ പദ്ധതി ആശ്രയിച്ച് കഴിയുന്ന വീട്ടുകാർ ആശങ്കയിലായി. ഉയർന്ന പ്രദേശമായതിനാൽ കിണറുകളിൽ കഴിഞ്ഞ അഞ്ചു മാസത്തോളമായി വെള്ളം ഇല്ലാതെ ബുദ്ധിമുട്ടിലാണ് പ്രദേശവാസികൾ.
ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ട്ടം സംഭവിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് സഹായം ലഭ്യമാക്കണമെന്നും
ജീലാനി ശുദ്ധജല വിതരണ സംഘം പ്രസിഡന്റ് കെ. കുഞ്ഞിമുഹമ്മദ് ഹാജി, സെക്രട്ടറി വളപ്പിൽ അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |