SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.51 AM IST

തലപൊക്കി ഡെങ്കിയും എലിപ്പനിയും; ജാഗ്രതാ നിർദ്ദേശമേകി ആരോഗ്യവകുപ്പ്

fever
പനി

മലപ്പുറം: മഴപെയ്യുന്ന സാഹചര്യത്തിൽ ജലജന്യ, കൊതുക്ജന്യ രോഗങ്ങൾ പടർന്ന് പിടിക്കാൻ സാദ്ധ്യതയുള്ളതിനാൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. മഴ പെയ്ത് തുടങ്ങിയതോടെ പലഭാഗങ്ങളിലും ഡെങ്കിപനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.

ജില്ലയിൽ മുൻകാലങ്ങളിൽ ഉണ്ടായ രോഗബാധയുടെ റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷം ഡെങ്കി, എലിപ്പനി രോഗങ്ങൾ കൂടുതൽ ഉണ്ടാവാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. അതിനാൽ പരിസര ശുചീകരണം അടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങൾ കൃത്യമായി നടത്തി എലി, കൊതുക്, ഈച്ച മുതലായവ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കണം. കൊതുകിന്റെ ഉറവിടം നശിപ്പിക്കണം, കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. എലിപ്പനി സാദ്ധ്യതയുള്ള പ്രദേശങ്ങൾ, അത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ, തൊഴിലുറപ്പ് ജീവനക്കാർ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർ, കൃഷിക്കാർ, വെള്ളത്തിൽ ഇറങ്ങി ജോലി ചെയ്യേണ്ടി വരുന്നവർ, മഴ വെള്ളത്തിലും ചെളി വെള്ളത്തിലും കളിക്കുന്ന കുട്ടികൾ എന്നിവർ പ്രത്യേകം രോഗപ്രതിരോധ നടപടികൾ സ്വീകരിക്കണം. പ്രദേശത്തെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട് എലിപ്പനി പ്രതിരോധത്തിനായി ഡോക്സിസൈക്ലിൻ ഗുളിക കഴിക്കണം. വീടും ചുറ്റുപാടുകളും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും മാലിന്യം നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കണം.

ശ്രദ്ധിക്കണം ഡെങ്കിപ്പനിയെ

ഡെങ്കിപ്പനി ഒരു വൈറസ് രോഗമാണ്. ഈഡിസ് വിഭാഗത്തിൽ പെട്ട പെൺകൊതുകുകളാണ് രോഗം പരത്തുന്നത്. കൊവിഡ് രോഗത്തിന്റെ പല ലക്ഷണങ്ങളും ഡെങ്കിപ്പനിയിൽ ഉണ്ടാവുന്നതിനാൽ സ്ഥിതി കൂടുതൽ രൂക്ഷമാവുന്നു. നേരത്തെ തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നൽകിയില്ലെങ്കിൽ രോഗി അപകട അവസ്ഥയിൽ ആവുന്നതിനും മരണം സംഭവിക്കാനും സാധ്യതയുണ്ട്.

  • മുൻകരുതലുകൾ

വീടിനു അകത്തും പുറത്തും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കുക

കൊതുക് കടി ഏൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക

എലിപ്പനിക്കെതിരെ മുൻകരുതലെടുക്കാം

സ്‌പൈറൊക്കീറ്റ്സ് വിഭാഗത്തിൽ പെട്ട ബാക്ടീരിയ മൂലമാണ് എലിപ്പനി രോഗം ഉണ്ടാവുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളിൽ എത്തുന്ന രോഗാണു ആ ജലവുമായി സമ്പർക്കത്തിൽ വന്നവരുടെ ശരീരത്തിൽ എത്തി രോഗമുണ്ടാക്കുന്നു. പനി, തലവേദന, മൂത്രത്തിന് നിറവ്യത്യാസം തുടങ്ങിയവയാണു പ്രധാന രോഗലക്ഷണങ്ങൾ.

  • പ്രതിരോധമാർഗങ്ങൾ

മലിനജലവുമായി സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കുക

വെള്ളത്തിൽ ഇറങ്ങേണ്ടി വന്നാൽ കാലുകൾ സോപ്പ് ഉപയോഗിച്ച് ചൂടു വെള്ളത്തിൽ കഴുകുക

കാലിലെ മുറിവുകൾ ശരിയായി ഡ്രസ് ചെയ്തതിനു ശേഷം മാത്രം വെള്ളത്തിൽ ഇറങ്ങുക

ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം ഡോക്സിസൈക്ലിൻ ഗുളിക കഴിക്കുക

എലി പെറ്റുപെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക

മഞ്ഞപ്പിത്തം( ഹെപ്പറ്റൈറ്റിസ് എ)

ജലത്തിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണിത്. രോഗിയുടെ മലത്തിലൂടെ പുറത്തുവരുന്ന രോഗാണു എതെങ്കിലും മാർഗത്തിലൂടെ വെള്ളത്തിലോ ഭക്ഷണ സാധനങ്ങളിലോ എത്തിപ്പെടുകയും ആയതിലൂടെ വേറൊരു വ്യക്തിയിൽ എത്തുകയും ചെയ്യുന്നു.

  • പ്രതിരോധമാർഗങ്ങൾ

മലവിസർജനം ശുചിത്വമുറികളിൽ മാത്രം നിർവഹിക്കുക

കൈകൾ ശരിയായി കഴുകുക

ഭക്ഷണസാധനങ്ങൾ അടച്ചുവെക്കുക

തണുത്തതും തുറന്നുവെച്ചിരിക്കുന്നതുമായ ഭക്ഷണം ഒഴിവാക്കുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ഈച്ച വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.