തിരൂർ: നിരത്തുകളിൽ നിയമം പാലിച്ച് എത്തുന്നവർക്ക് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വേറിട്ട സമ്മാനം നൽകുകയാണ് തിരൂർ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിച്ചെത്തുന്നവർക്കും നിരത്തിലെ മറ്റ് റോഡ് സുരക്ഷാ നിയമങ്ങൾ അനുസരിച്ച് വാഹനമോടിക്കുന്നവർക്കുമാണ് ഉദ്യോഗസ്ഥർ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുന്നത്. നിയമം പാലിച്ച് വാഹനമോടിക്കുന്നവർ വീടുകളിൽ തിരിച്ചെത്തുമെന്നുള്ള പൂർണ്ണ വിശ്വാസം കൊണ്ടാണ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്ന് തിരൂർ ജോയിന്റ് ആർ.ടി.ഒ എം. അൻവർ പറഞ്ഞു. പുതു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന വധൂവരന്മാർക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് റോഡ് സുരക്ഷാ സന്ദേശങ്ങളോടൊപ്പം വൃക്ഷത്തൈകൾ നൽകിയും ബോധവത്കരണം നടത്തി.
തിരൂർ, വളാഞ്ചേരി, താനൂർ, പുത്തനത്താണി, വൈലത്തൂർ തുടങ്ങി തിരൂർ താലൂക്കിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ജോയിന്റ് ആർ.ടി.ഒ എം. അൻവർ, എം.വി.ഐമാരായ സനൽ വി. മണപള്ളി, സി.കെ സുൽഫിക്കർ, എ.എം.വി.ഐമാരായ സെബാസ്റ്റ്യൻ ജോസഫ്, അനസ് സലാഹുദീൻ, ആർ. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ഫലവൃക്ഷതൈകൾ വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |