മലപ്പുറം: നിരവധി വർഷങ്ങളായി മലപ്പുറത്തിന്റെ പ്രധാന പ്രശ്നമായ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്തതയ്ക്ക് പ്രതീക്ഷ നൽകുന്ന നടപടിയുമായി ഹൈക്കോടതി. ഹയർസെക്കൻഡറിയിലെ സീറ്റ് ക്ഷാമം കാരണം ജില്ലയിൽ വിദ്യാഭ്യാസ മേഖലയിൽ കടുത്ത അസൗകര്യങ്ങൾ നേരിടുന്നുവെന്ന് നിരീക്ഷിച്ച ഹൈക്കോടതി അധിക ബാച്ചുകളും പുതിയ ബാച്ചുകളും ഉടൻ അനുവദിക്കണമെന്ന് സർക്കാരിന് നിർദ്ദേശമേകിയിട്ടുണ്ട്. മൂന്നിയൂർ ഹയർസെക്കൻഡറി സ്കൂളിന് ബാച്ച് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ രണ്ട് മാസത്തിനകം മൂന്ന് അധിക ബാച്ചുകൾ അനുവദിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ജില്ലയിലെ മുഴുവൻ സ്കൂളുകളിലും പുതിയ ബാച്ചുകളും അധിക ബാച്ചുകളും അനുവദിക്കണമെന്ന് നിർദ്ദേശം നൽകിയത്. മൂന്നിയൂർ സ്കൂളിന്റേത് മാത്രമായുള്ള ആവശ്യം തള്ളുകയും ചെയ്തു. കടുത്ത സീറ്റ് ക്ഷാമം നേരിടുന്ന മലപ്പുറത്തിന് ഏറെ ആശ്വാസം പകരുന്നതാണ് നടപടി. കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പുതിയ ബാച്ചുകൾ അനുവദിക്കുന്ന സർക്കാർ തീരുമാനം ഉടൻ വന്നേക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. അലോട്ട്മെന്റിൽ 50 കുട്ടികളെയാണ് ഒരു ബാച്ചിലേക്ക് എടുക്കാറുള്ളത്. കഴിഞ്ഞ തവണ അലോട്ട്മെന്റിന് ശേഷം താത്ക്കാലിക സീറ്റുകൾ വഴി 15 കുട്ടികളെ കൂടി ഉൾപ്പെടുത്തി ഒരുക്ലാസിൽ 65 കുട്ടികളെന്ന രീതിയിലായിരുന്നു മലപ്പുറത്തെ പ്ലസ് വൺ ക്ലാസ് മുറികൾ. ഇത്തവണ മലപ്പുറംെ ഉൾപ്പടെയുള്ള ഏഴ് ജില്ലകളിൽ 30 ശതമാനം മാർജിനിൽ സീറ്റ് വർദ്ധനവുണ്ടാകും.
32,951 വിദ്യാർത്ഥികൾക്ക് സീറ്റ് വേണം
ഗവൺമെന്റ് വിഭാഗത്തിൽ 85ഉം എയ്ഡഡ് വിഭാഗത്തിൽ 88ഉം സ്കൂളുകളാണ് ജില്ലയിലുള്ളത്. ആകെ 41,950 മെറിറ്റ് സീറ്റുകളാണുള്ളത്. സർക്കാർ, എയ്ഡഡ് വി.എച്ച്.എസ്.ഇകളിലായി 2,790 മെറിറ്റ് സീറ്റുകളുമുണ്ട്. 77,691 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. അൺ എയ്ഡഡിൽ 11,275 സീറ്റുകളുണ്ട്. ഇവിടെ പഠിക്കണമെങ്കിൽ വലിയ ഫീസ് നൽകണമെന്നതും പ്രതിസന്ധിയാണ്. ആദ്യ ആലോട്ട്മെന്റിനു മുമ്പായി ബാച്ച് വർദ്ധിപ്പിക്കുന്ന സർക്കാർ തീരുമാനം വന്നാൽ ഏറെ ആശ്വാസകരമാകും. മറിച്ചായാൽ വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട വിഷയമടക്കം മാറ്റിവെച്ച് വേഗത്തിൽ അഡ്മിഷൻ ലഭിക്കുക എന്ന ചിന്തയിലേക്ക് ഒതുങ്ങും. മാർജിനിൽ സീറ്റ് വർദ്ധനവ് താത്കാലിക പരിഹാരം മാത്രമാണ്.
നിലവിലെ മെറിറ്റ്, അൺ എയ്ഡഡ് സീറ്റുകൾ
സയൻസ്
മെറിറ്റ് - 17,600
അൺ എയ്ഡഡ് - 4,686
ആകെ - 22,286
കൊമേഴ്സ്
മെറിറ്റ് - 13,850
അൺ എയ്ഡഡ് - 4,089
ആകെ - 17,939
ഹ്യുമാനിറ്റീസ്
മെറിറ്റ് - 10,500
അൺ എയ്ഡഡ് - 2,500
ആകെ - 13,000
മലപ്പുറത്തെ മുഴുവൻ സ്കൂളുകളിലും പുതിയ ബാച്ചുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയതിൽ സന്തോഷമുണ്ട്. എല്ലാ സ്കൂളുകളിലും ബാച്ചുകൾ വേണം. വലിയ പ്രതിസന്ധി ഇതോടെ ഇല്ലാതാവും.
- അബ്ദുൾ അസീസ്,
മൂന്നിയൂർ സ്കൂൾ മാനേജർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |