തിരൂർ: കാപ്പ നിയമപ്രകാരം ഒരുവർഷത്തേക്ക് ജില്ലയിൽ പ്രവേശന വിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി. വിവിധ കേസുകളിൽ പ്രതിയായ തിരൂർ തൃപ്രങ്ങോട് സ്വദേശി ആലുക്കൽ വീട്ടിൽ സാബിനൂലിനെ (38) ആണ് പിടികൂടിയത്. പ്രവേശന വിലക്ക് ലംഘിച്ച് സാബിനൂൽ ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് ഇൻസ്പെക്ടർ ജിജോയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജിഷിൽ, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ധനീഷ്, തിരൂർ ഡാൻസാഫ് ടീം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനം തടയൽ (കാപ്പ )പ്രകാരം സാബിനൂലിനെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മുൻകൂർ അനുമതി ഇല്ലാതെ ജില്ലയിൽ പ്രവേശിച്ചാൽ അറസ്റ്റ് ചെയ്യുമെന്നായിരുന്നു ഉത്തരവ്. അറസ്റ്റ് ചെയ്ത പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |