SignIn
Kerala Kaumudi Online
Friday, 19 April 2024 2.00 PM IST

അപകടസാദ്ധ്യതയുണ്ടാക്കുന്ന കുഴികൾ 24 മണിക്കൂറിനകം നികത്തണം: ജില്ലാ കളക്ടർ

vvvvvvv

മലപ്പുറം: റോഡുകളിൽ അപകട സാദ്ധ്യതയുണ്ടാക്കുന്ന കുഴികൾ ശ്രദ്ധയിൽപെട്ടാൽ 24 മണിക്കൂറിനകം അവ നികത്തണമെന്ന് ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് പ്രത്യേകം മുൻകരുതൽ വേണം. തങ്ങളുടെ ചുമതലയുള്ള റോഡുകളിൽ ഓരോ വകുപ്പുകളും പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയപാത 66 വികസന പ്രവൃത്തികളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകളും പരാതികളും പാതയുടെ നിർമ്മാണ വേളയിൽ തന്നെ പരിഹരിക്കണമെന്ന് പി.അബ്ദുൾ ഹമീദ് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. ഇടിമുഴിക്കൽ തലപ്പാറ ഭാഗത്ത് ഗതാഗതസ്തംഭനം, മഴവെള്ളം വീടുകളിൽ കയറൽ, ഗ്രാമീണറോഡുകൾ അടയുക, വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ കഴിയാതെ വരിക, പൊടിശല്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനായി ദേശീയപാതാ അതോറിറ്റി അധികൃതർ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദർശിച്ച് പരിഹാരം കാണണം. ക്വാറികൾക്ക് ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ജിയോളജി വകുപ്പിൽ കെട്ടിക്കിടക്കുകയാണെന്നും ഇത് ജില്ലയിലെ നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും എം.എൽ.എ പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നുള്ള മലിനജലം റോഡിലേക്കൊഴുകുന്നത് തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ യു.എ. ലത്തീഫ് എം.എൽ.എയെ അറിയിച്ചു. പെരിന്തൽമണ്ണ വളാഞ്ചേരി പാതയിൽ അങ്ങാടിപ്പുറം മുതൽ വെങ്ങാട് വരെയുള്ള ഭാഗത്ത് റോഡ് തകർന്നത് താത്കാലികമായി പരിഹരിച്ചതായും ഭരണാനുമതി ലഭിച്ചാലുടൻ അറ്റകുറ്റപ്പണികൾ നടത്തി കുഴികൾ നികത്തുമെന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.

പൊന്നാനി മഞ്ചേരി, പൊന്നാനി ആൽത്തറ,​ എറണാകുളം ജെട്ടി റൂട്ടുകളിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പി. നന്ദകുമാർ എം.എൽ.എയുടെ പ്രതിനിധി യോഗത്തിൽ ആവശ്യപ്പെട്ടു. കിഡ്നി രോഗികൾക്ക് ഡയാലിസിസിന് സഹായധനം നൽകുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് നിർവഹണോദ്യോഗസ്ഥരായ മെഡിക്കൽ ഓഫീസർമാർ തയ്യാറാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുതിമീറ്റർ ക്ഷാമം പരിഹരിക്കണമെന്ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ആവശ്യപ്പെട്ടു.
ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ കെട്ടിക്കിടന്ന് തുരുമ്പെടുത്ത് നശിക്കുന്നതായും നടപടിക്രമങ്ങൾ പെട്ടെന്ന് പൂർത്തിയാക്കി വാഹനങ്ങൾ വിട്ടുകൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും പി. ഉബൈദുള്ള എം.എൽ.എ ആവശ്യപ്പെട്ടു. നിലവിലുള്ള അദ്ധ്യാപക ഒഴിവുകൾ നികത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ എൽ.പി.എസ്.ടി തസ്തികയിൽ 733 പേർക്ക് നിയമന ശുപാർശ ലഭിച്ചിട്ടുണ്ടെന്നും ഇവർക്ക് ഉടൻ തന്നെ നിയമന ഉത്തരവ് നൽകുമെന്നും ടി.വി ഇബ്രാഹിം എം.എൽ.എയുടെ ചോദ്യത്തിനുത്തരമായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
ആധാർ നമ്പർ വോട്ടർ പട്ടികയുമായി ചേർക്കുന്നതിന് എല്ലാ വകുപ്പു ജില്ലാ മേധാവികളും കീഴുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം മെഹറലി യോഗത്തിൽ ആവശ്യപ്പെട്ടു.
മുണ്ടക്കടവ് പട്ടിക വർഗ കോളനിവാസികളുടെ പുനരിവാസത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.