SignIn
Kerala Kaumudi Online
Thursday, 25 April 2024 4.56 PM IST

രാഹുലിനെ ചേർത്ത് പിടിച്ച് മലപ്പുറം

ffff

മലപ്പുറം: ജനസാഗരം തീർത്ത മൂന്ന് ദിവസത്തെ പര്യടനത്തിന് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് നാടുകാണി വഴി തമി‌ഴ്‌നാട്ടിലേക്ക് പ്രവേശിക്കും. രാവിലെ 6.30ന് കരിമ്പുഴ വനമേഖല കഴിഞ്ഞു ചുങ്കത്തറ മുട്ടികടവിൽ നിന്നാരംഭിച്ച് വഴിക്കടവ് മണിമൂളിയിൽ 11 മണിയോടെ സമാപിക്കും. ചൊവ്വാഴ്ച പുലാമന്തോൾ വഴി ജില്ലയിലേക്ക് പ്രവേശിച്ച ജാഥ പെരിന്തൽമണ്ണ, പാണ്ടിക്കാട്, വണ്ടൂർ മേഖലകൾ പിന്നിട്ട് ഇന്നലെ നിലമ്പൂരിൽ സമാപിച്ചപ്പോൾ 55 കിലോമീറ്റർ ദൂരമാണ് താണ്ടിയത്. ഭാരത് ജോഡോ യാത്രയ്ക്ക് ഇതുവരെ കിട്ടിയ മികച്ച സ്വീകരണം മലപ്പുറം ജില്ലയിലായിരുന്നെന്ന നേതാക്കളുടെ വാക്കിനെ അടിവരയിടുന്നതായിരുന്നു യാത്രയിൽ ഉടനീളമുള്ള കാഴ്ചകൾ.

ഇന്നലെ രാവിലെ 6.30ന് പാണ്ടിക്കാട് സ്കൂൾപടിയിൽ നിന്നായിരുന്നു യാത്രാരംഭം. കൊണ്ടോട്ടി, വേങ്ങര നിയോജക മണ്ഡലങ്ങളിലേയും മഞ്ചേരി, വണ്ടൂർ ബ്ലോക്കുകളിലെയും പ്രവർത്തകരും നേതാക്കളും യാത്രയുടെ ഭാഗമാവാൻ അതിരാവിലെ തന്നെ പാണ്ടിക്കാട് എത്തിയിരുന്നു. റോഡരികിലും കെട്ടിടങ്ങൾക്ക് മുകളിലുമൊക്കയായി നിലയുറപ്പിച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനക്കൂട്ടത്തിന് നേരെ കൈവീശിയും ചിരിതൂകിയും രാഹുൽ നടന്നുനീങ്ങി. വയനാട് പാർലമെന്റ് മണ്ഡലത്തിലേക്ക് പ്രവേശിക്കുന്ന കാക്കത്തോടിൽ എത്തിച്ചേർന്നപ്പോഴേക്കും പഥയാത്ര ജനസാഗരമായി മാറിയിരുന്നു.
കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ച കാക്കത്തോട് പാലത്തിന്റെ ഇരുവശങ്ങളിലുമായി ജനം തടിച്ചുകൂടി. ഗോത്ര കലകളും തിരുവാതിരയും ഒപ്പനയുമെല്ലാം സ്വീകരണത്തെ കളർഫുളാക്കി. കലാകാരന്മാർക്കൊപ്പം ഫോട്ടോയെടുത്തും അവരെ അഭിനന്ദിച്ചും രാഹുൽ നടന്നുനീങ്ങി. ആയാസം കൂടാതെ വേഗത്തിൽ നടന്നുനീങ്ങുന്ന രാഹുലിനൊപ്പമെത്താൻ കൂടെയുള്ളവർ പ്രയാസപ്പെട്ടു. ഇടയ്ക്ക് തൊട്ടടുത്തുള്ള സഹായിയുടെ കൈയിൽ നിന്ന് കുപ്പിവെള്ളം വാങ്ങും. ഏതാനം സെക്കൻഡുകൾ മൊബൈലിലേക്ക് എത്തിനോട്ടം. ഇടയ്ക്ക് നേതാക്കളോട് കുശലം പറയും. തന്നെ കാത്തുനിൽക്കുന്നവരെ നിരാശരാക്കാതെ കൈവീശിയുള്ള അഭിവാദ്യം. പാണ്ടിക്കാട് പിന്നിട്ട് പോരൂർ എത്തുംമുമ്പേ നടൻ രമേശ് പിഷാരടി യാത്രയ്ക്കൊപ്പം ചേർന്നു. ഇരുവരും കുശലം പറഞ്ഞും ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തും യാത്ര മുന്നോട്ട്. വഴിവക്കിൽ രാഹുൽ എന്ന് ഉറക്കെ വിളിച്ച പെൺകുട്ടികളെ തന്റെ അടുത്തേക്ക് വിളിപ്പിച്ചു. സന്തോഷം അടക്കാനാവാതെ കരഞ്ഞ പെൺകുട്ടിയെ രാഹുൽ ചേർത്തുപിടിച്ച് അൽപ്പദൂരം മുന്നോട്ട്. കരയരുതെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. വണ്ടൂർ ടൗൺ ലക്ഷ്യമാക്കി നടത്തം തുടർന്നു. ആൾക്കൂട്ടത്തിനിടയിൽ മകളെ തോളിലേറ്റി പദയാത്രയ്ക്കൊപ്പം നീങ്ങുന്ന പിതാവിനെ തന്റെ അടുത്തേക്ക് വിളിപ്പിച്ചു. കൂട്ടിയെ തന്റെ ചുമലിലേറ്റി രാഹുൽ അൽപ്പദൂരം നടന്നു. തൊട്ടുപിന്നാലെ സുരക്ഷാവലയം ഭേദിച്ച് ആൾക്കൂട്ടം രാഹുലിന് അടുത്തെത്തി. സെൽഫിയെടുക്കാൻ തിരക്ക്. അധികം നീങ്ങും മുമ്പുതന്നെ വഴിയിൽ കാത്തുനിന്ന രണ്ട് അമ്മമാർ രാഹുലെന്ന് ഉറക്കെ വിളിച്ചു. തന്റെ അടുത്തേക്ക് ക്ഷണിച്ച രാഹുൽ അമ്മമാരെ ചേർത്തണച്ചു. കൂടെ നിന്ന് ഫോട്ടോയുമെടുത്തു. വണ്ടൂർ ടൗണിൽ എത്തിയപ്പോഴേക്കും ആവേശം ഇരട്ടിച്ചു. കിലോമീറ്ററുകളോളം നീളത്തിൽ ഒഴുകിയ ജാഥയെ വരവേൽക്കാൻ ജനസാഗരം തന്നെ എത്തിച്ചേർന്നിരുന്നു. വണ്ടൂരിലെ വിശ്രമ ശേഷം വൈകിട്ട് നാലോടെ നിലമ്പൂരിലേക്ക്. യാത്രയെ സ്വീകരിക്കാൻ വഴിനീളെ ചങ്ങലക്കണ്ണി പോലെ ജനക്കൂട്ടം. രാത്രി 7.50നാണ് പദയാത്ര സമാപന സ്ഥലമായ നിലമ്പൂരിൽ എത്തിയത്. അന്തരിച്ച മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച ശേഷം പൊതുയോഗം നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.