SignIn
Kerala Kaumudi Online
Monday, 25 May 2026 2.02 AM IST

രാസവളം കിട്ടാനില്ല, വിലകേട്ടാൽ പൊള്ളും

rasavalam

പൊട്ടാഷ് 50 കിലോയുടെ ചാക്കിന് 1975 രൂപ.

ഫാക്ടം ഫോസ് 1500 രൂപ.

യൂറിയചാക്കിന് 800 രൂപ.

പാലക്കാട്: വേനൽമഴയ്ക്ക് ശേഷം ഒന്നാംവിളയ്ക്കായുള്ള കൃഷിപ്പണികൾ തകൃതിയായി നടക്കുന്ന പാലക്കാട് ജില്ലയിൽ കർഷകർക്ക് തിരിച്ചടിയായി രാസവള ക്ഷാമവും വിലവർദ്ധനയും. മണ്ണൊരുക്കി വളപ്രയോഗം നടത്തേണ്ട സമയത്തുണ്ടായ രാസവള ക്ഷാമം ചെറുകിട -ഇടത്തരം കർഷകർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്.

രണ്ടു മൂന്നുവർഷം കൊണ്ട് രാസവളത്തിന്റെ വില മൂന്നിരട്ടിയോളമാണ് വർദ്ധിച്ചത്. ഇന്ത്യയിലെ വളം നിർമ്മാണ ഫാക്ടറികൾ തകർത്ത് രാസവളത്തിന് വിദേശ ഇറക്കുമതിയെ ആശ്രയിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടാണ് കർഷകരെ ദുരിതത്തിലാഴ്ത്തുന്നത്. പൊട്ടാഷ് 50 കിലോയുടെ ചാക്കിന് 1975 രൂപയാണ് വില. ഫാക്ടം ഫോസിന് 1500 രൂപയിലധികം നൽകണം. യൂറിയയുടെ വില ചാക്കിന് 800 കടന്നു. എൻ.പി.കെ 16:16:16 ന്റെ വില 1,650 ൽ നിന്ന് 2,050 രൂപയായി. കൂട്ടുവളമായ എൻ.പി.കെ 18:18:18ന് 1300 രൂപയെന്നത് 1390ലെത്തി. വളം ആവശ്യത്തിന് കിട്ടാതായതോടെ ഇനിയും വില കൂടും.

ഒരേക്കർ നിലം കൃഷിചെയ്യാൻ 45,000 രൂപയിലേറെ ചെലവുവരുന്ന സാഹചര്യത്തിൽ പലരും കൃഷി ഉപേക്ഷിക്കുന്ന നിലയിലാണ്.

വില മൂന്നിരട്ടിയോളം

നെൽകൃഷിക്ക് പുറമേ ജില്ലയിൽ നാളികേരം, കവുങ്ങ്, പച്ചക്കറി കൃഷിയും ഏറെയുണ്ട്. ഒരു തെങ്ങിന് വർഷം മൂന്നു മുതൽ അഞ്ച് കിലോഗ്രാംവരെ രാസവളം വേണ്ടി വരും. ഒരേക്കറിൽ 75 തെങ്ങിന് വളമിടാൻ 25,000 രൂപയാകും. വർഷം ആറായിരം രൂപ അധികം കണ്ടെത്തണം. പച്ചക്കറികൾക്ക് ഏക്കറിന് 600 ഗ്രാം വളം മൂന്നു നാലു തവണയായി നൽകണം. ഏക്കറിന് 45,000 രൂപയുടെ വളം വേണം. വർഷം 8000 രൂപ അധികമാകും. റബ്ബറിന് ഒരേക്കറിൽ 180 മരങ്ങൾക്ക് വർഷം രണ്ടു തവണയായി 650 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ വളം നൽകണം. 16,000 രൂപയുടെ വളം വേണം. ഏക്കറിന് 5,000 രൂപ അധികം ചെലവാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PALAKKAD, RASAVALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL