മണ്ണാർക്കാട്: മുണ്ടേക്കരാട് കാഞ്ഞിരപ്പുഴ ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം സബ് ജയിൽ സ്ഥാപിക്കാൻ വകുപ്പിന് നൽകി ഉത്തരവിറങ്ങി. ഇതോടെ സബ് ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. 2.86 ഹെക്ടർ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയിൽ നിർമ്മാണത്തിനായി ശുപാർശ ചെയ്തിരുന്നത്. ഇതിൽ 1.6221 ഹെക്ടർ സ്ഥലമാണ് കൈമാറിയത്. ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനം തുടങ്ങണമെന്നും കനാൽ, വഴി സൗകര്യങ്ങൾ തടസപ്പെടാത്ത രീതിയിൽ നിർമ്മാണം നടത്തണം തുടങ്ങിയ നിബന്ധനകളോടെയാണ് സ്ഥലം കൈമാറിയത്.
പ്രതിഷേധവുമായി എം.എൽ.എ
മുണ്ടേക്കരാട്ടെ സ്ഥലം സബ് ജയിൽ നിർമ്മിക്കാൻ നൽകിയത് പ്രതിഷേധാർഹമെന്ന് എൻ.ഷംസുദ്ദീൻ എം.എൽ.എ. 2019 മുതൽ സ്ഥലം ലൈഫ് മിഷൻ പദ്ധതിക്ക് വേണ്ടി നഗരസഭയ്ക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട് വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകിയതാണ്. ഇവരെല്ലാം അനുഭാവ പൂർണമായ സമീപനമാണ് സ്വീകരിച്ചിരുന്നത്. സ്ഥലം നഗരസഭയ്ക്ക് കൈമാറിയാൽ സ്റ്റേഡിയവും ലൈഫ് മിഷൻ വഴി പാവങ്ങൾക്ക് ഫ്ളാറ്റ് നിർമ്മിക്കുകയുമായിരുന്നു ലക്ഷ്യം. സ്ഥലം നഗരസഭയ്ക്ക് ലഭിക്കുന്നതിനുള്ള ശ്രമം തുടരുമെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |