പാലക്കാട്: ഡെൽറ്റ വൈറസിന്റെ വ്യാപനം തടയുന്നതിനായി കണ്ണാടി പഞ്ചായത്ത് ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു.
ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിൽ ജില്ലയിൽ ഡെൽറ്റ വകഭേദം കണ്ടെത്തിയവർക്ക് കണ്ണാടി പഞ്ചായത്തിലെ ഒരു വ്യക്തിയിൽ നിന്നാണ് വൈറസ് പകരാൻ ഇടയായതെന്നും, സമ്പർക്ക പട്ടികയിൽ വന്ന വ്യക്തികൾക്കും കൊവിഡ് ബാധിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പ്രദേശത്ത് കൊവിഡ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ കൊവിഡ് രോഗികൾ ഉള്ളതായും ഇവർക്ക് പറളി, പിരായിരി പഞ്ചായത്തുകളിലെ ജനങ്ങളുമായി സമ്പർക്കം ഉണ്ടായിട്ടുള്ളതായും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
കണ്ണാടി പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനായി അതിർത്തികൾ അടയ്ക്കാനും പൊതുജന സഞ്ചാരം, വാഹന ഗതാഗതം എന്നിവ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ കൊവിഡ് പരിശോധന ശക്തമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |