മുണ്ടൂർ: തുപ്പനാട് പുഴയുടെയും കല്ലടിക്കോടൻ മലനിരകളുടെയും ഭംഗി കാണാൻ സഞ്ചാരികളെ മാടിവിളിക്കുകയാണ് തുടിക്കോട് വാച്ച് ടവർ. കരിമ്പ പഞ്ചായത്തിലെ മലയോരമേഖലയായ മൂന്നേക്കറിനടുത്ത് നിർമ്മിച്ച വാച്ച് ടവർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കുശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. സമീപകാലത്താണ് നാലുലക്ഷം രൂപ ചെലവിട്ട് ടവർ നവീകരിച്ചത്. ഇതിനോട് ചേർന്ന് റോഡും പുനരുദ്ധരിച്ചിട്ടുണ്ട്.
തുപ്പനാട് പുഴയുടെ ഉദ്ഭവകേന്ദ്രമായ മീൻവല്ലം വെള്ളച്ചാട്ടം സന്ദർശിക്കാൻ വരുന്ന വിനോദസഞ്ചാരികൾക്ക് തുടിക്കോട് വനാതിർത്തിയിൽ നാല് നിലകളിൽ ഒരുക്കിയ ടവറിൽനിന്ന് കല്ലടിക്കോടൻ മലനിരകളും പുഴയും മതിവരുവോളം കാണാനും ആസ്വദിക്കാനും സാധിക്കും. മൂന്നേക്കർ വനം ചെക്ക്പോസ്റ്റിൽ നിന്ന് വലത് ഭാഗത്ത് പുഴക്ക് കുറുകെ ചതുപ്പ് നിലങ്ങളിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.
120 രൂപയാണ് പ്രവേശന ഫീസ്. സന്ദർശകർ നിശ്ചിത സമയത്തിനിടെയുള്ള ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ സന്ദർശനസമയത്ത് കൈയിൽ കരുതണം. പകൽ 10.30, 12, 1.30, 2.30 എന്നീ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കും. ടൂറിസ്റ്റ് ഗൈഡുകളുടെ സഹായവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |