പാലക്കാട്: രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന പാലക്കാടിന് ആവേശച്ചുവപ്പ്. പിരായിരി ഹൈടെക് ഹാളിൽ (ടി.ചാത്തു, കെ.വി. വിജയദാസ് നഗറിൽ) സി.പി.എം ജില്ലാ സമ്മേളനത്തിന് തുടക്കം.
ഇന്നലെ രാവിലെ കോട്ടമൈതാനത്തുനിന്ന് സ്വാഗത സംഘം ജനറൽ കൺവീനർ സി.കെ. രാജേന്ദ്രന്റെ നേതൃത്വത്തിൽ അത്ലറ്റുകളുടെ അകമ്പടിയോടെ ദീപശിഖ പ്രതിനിധി സമ്മേളന നഗരിയിൽ എത്തിച്ചു. മുതിർന്ന നേതാവ് സി.ടി. കൃഷ്ണൻ പതാക ഉയർത്തിയതോടെ മൂന്നുദിവസത്തെ സമ്മേളനം ആരംഭിച്ചു. പതാക വാനിലുയർന്നപ്പോൾ പ്രതിനിധികൾ മുഷ്ടിചുരുട്ടി മുദ്രാവാക്യം മുഴക്കി. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, കെ.കെ. ശൈലജ, ജോസഫൈൻ, കെ. രാധാകൃഷ്ണൻ, ഇ.പി. ജയരാജൻ തുടങ്ങിയ നേതാക്കളും പ്രതിനിധികളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. വി.കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ശശി രക്തസാക്ഷി പ്രമേയവും ഇ.എൻ. സുരേഷ് ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. തുടർന്ന് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ ഇന്നലെ ആരംഭിച്ച പൊതു ചർച്ച ഇന്നും തുടരും.
നരേന്ദ്രമോദിയുടെ ഓൺലൈൻ ക്ലാസിൽ പൂജപഠിക്കാൻ കാത്തിരിക്കുകയാണ്
രാഹുൽ ഗാന്ധിയെന്ന് എ. വിജയരാഘവൻ
നരേന്ദ്രമോദി നടത്തുന്ന ഓൺലൈൻ ക്ലാസിൽ പൂജ പഠിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുകയാണ് രാഹുൽ ഗാന്ധിയെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവൻ. സി.പി.എം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 'എൽ.ഡി.എഫ് തുടർഭരണവും നവകേരള നിർമ്മിതിയും' എന്ന വിഷയത്തിൽ കോട്ടമൈതാനത്ത് നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പ്രധാനമന്ത്രി നസ്യാസിയെ പോലെ ക്ഷേത്രങ്ങൾ കയറി ഇറങ്ങുകയാണ്. അതിൽ ആർക്കും വിരോധമില്ല. എന്നാൽ രാജ്യത്തിന്റെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. ജി.എസ്.ടി കൊണ്ടുവന്നതോടെ വരുമാനമില്ലാത്ത വല്ലാത്ത കാലത്തിലൂടെയാണ് നാം കടന്ന് പോകുന്നത്. ഈ പ്രതിസന്ധിയിൽ പകച്ച് നിൽക്കുകയല്ല കേരളം ചെയ്തത്. കിഫ്ബിയിലൂടെ പണം സമാഹരിച്ച് നിക്ഷേപങ്ങളെ സ്വാഗതം ചെയ്താണ് പ്രതിസന്ധി മറികടന്നത്. കിഫ്ബിക്കെതിരായ നുണ പ്രചരണമാണ് പ്രതിപക്ഷം നടത്തിയത്. കെ റെയിൽ എന്ന് കേൾക്കുമ്പോൾ തന്നെ പ്രതിപക്ഷം എതിർപ്പ് ഉന്നയിച്ചെന്നും എ. വിജയരാഘവൻ പറഞ്ഞു.ജില്ലാ സമ്മേളന സ്വാഗതസംഘം ചെയർമാൻ എൻ.എൻ. കൃഷ്ണദാസ് അദ്ധ്യക്ഷനായി. മന്ത്രി കെ. രാജൻ, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ ശൈലജ, എ.കെ ബാലൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. നാരായണദാസ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് എ. രാമസ്വാമി, സെമിനാർ കൺവീനർ ടി.ആർ. അജയൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |