ജില്ലയിൽ ആകെ നിർമ്മിക്കുന്ന ശൗചാലയങ്ങൾ- 176
നിലവിൽ പൂർത്തിയായത്- 32 എണ്ണം
പാലക്കാട്: ടേക്ക് എ ബ്രേക്ക് വഴിയിടം പദ്ധതി പ്രകാരം ജില്ലയിൽ നിർമ്മിക്കുന്ന ഉന്നതനിലവാരത്തിലുള്ള പൊതുശൗചാലയങ്ങളുടെ പ്രവർത്തനം പുരോഗമിക്കുന്നു. നിലവിൽ 100 ശൗചാലയങ്ങളുടെ പണികൾ അന്തിമഘട്ടത്തിലാണ്. 32 ശൗചാലയങ്ങളുടെ പ്രവർത്തനം പൂർത്തിയായി. ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലുമാണ് പദ്ധതിയുടെ ഭാഗമായി പൊതുശൗചാലയങ്ങൾ നിർമ്മിക്കുന്നത്. പഞ്ചായത്തുകളിൽ രണ്ടെണ്ണം വീതവും നഗരസഭകളിൽ അഞ്ചെണ്ണവും വീതം ആകെ 176 ശൗചാലയങ്ങളാണ് നിർമ്മിക്കുന്നത്. ശുചിത്വമിഷന്റെയും കേന്ദ്രസർക്കാരിന്റെയും ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം.
നഗരത്തിൽ ടൗൺ ബസ് സ്റ്റാൻഡ്, നഗരസഭ കോമ്പൗണ്ട്, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ട്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് ടേക്ക് എ ബ്രേക്ക് ശൗചാലയങ്ങൾ സജ്ജമാക്കുന്നത്. നഗരസഭ കോമ്പൗണ്ടിൽ രണ്ട് ശൗചാലയങ്ങളാണ് നിർമ്മിക്കുന്നത്.
24 മണിക്കൂർ പ്രവർത്തനം
യാത്രക്കാർക്കും സാധാരണജനങ്ങൾക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പൊതുശൗചാലയങ്ങൾ ഒരുക്കുന്നത്. ടോയ്ലറ്റ് സമുച്ചയങ്ങളിൽ നാപ്കിൻ ഡിസ്ട്രോയർ, വാഷ്ബേസിൻ, കണ്ണാടി എന്നിവ സജ്ജീകരിക്കും. അടിസ്ഥാനം (ബേസിക്), സ്റ്റാൻഡേർഡ്, പ്രീമിയം എന്നീ തലങ്ങളിലാണ് ശൗചാലയങ്ങളുടെ നിർമ്മാണം. പ്രീമിയം തലത്തിൽ കോഫി ഷോപ്പ്, വിശ്രമകേന്ദ്രം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ടോയ്ലറ്റുകൾ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തും. പേ ആൻഡ് യൂസ് മാതൃകയിൽ കുടുംബശ്രീ യൂണിറ്റുകൾക്കാണ് ശൗചാലയങ്ങളുടെ പരിപാലന ചുമതല. ശൗചാലയങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.
നിർമ്മാണം പൂർത്തിയായ തദ്ദേശസ്ഥാപനങ്ങൾ
തൃക്കടീരി, തിരുവേഗപ്പുറ, കടമ്പഴിപ്പുറം, പറളി, കൊല്ലങ്കോട്, മുതലമട, നെന്മാറ, മരുതറോഡ്, കൊപ്പം, നാഗലശ്ശേരി കോട്ടോപ്പാടം, പുതൂർ, കണ്ണമ്പ്ര, പെരുവമ്പ്, പെരുമാട്ടി, പല്ലശ്ശന, മുണ്ടൂർ, മുതുതല, ശ്രീകൃഷ്ണപുരം, കരിമ്പ, അനങ്ങനടി.
തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പരിസരങ്ങളിലും ജനബാഹുല്യമുള്ള മേഖലകളിലും സ്ത്രീകൾക്കും കുട്ടികൾക്കുമുൾപ്പെടെ ഏതുസമയത്തും വൃത്തിയായും സുരക്ഷിതമായും ഉപയോഗിക്കാവുന്ന രീതിയിലാണ് സമുച്ചയങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നത്.
ടി.ജി.അഭിജിത്ത്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |