ഒറ്റപ്പാലം: നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി വൈദ്യുതി കാലുകൾ മാറ്റിസ്ഥാപിച്ചു. സുന്ദരയ്യർ റോഡ് ജംഗ്ഷനിൽ റോഡിലേക്കിറങ്ങി നിന്നിരുന്ന പോസ്റ്റാണ് മാറ്റിസ്ഥാപിച്ചത്. നഗരത്തിലുള്ള മൂന്ന് ജംഗ്ഷനുകളും വികസിപ്പിച്ച് കാൽനടയാത്രയ്ക്കും വാഹന ഗതാഗതത്തിനും സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സുന്ദരയ്യർ റോഡ് ജംഗ്ഷനിൽ അപകടകരമായ രീതിയിൽ റോഡിലേക്കിറങ്ങിയാണ് കാൽ നിന്നിരുന്നത്. റോഡ് വീതി കൂട്ടുന്നതിനും ഇത് തടസമായിരുന്നു. നേരത്തെ ആർ.എസ്.റോഡ് ജംഗ്ഷന് സമീപം റോഡരികിലുള്ള കാലുകൾമാറ്റി സ്ഥാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ ഭാഗത്തെ പോസ്റ്റ് മാറ്റിയത്. നഗരത്തിലെ ജംഗ്ഷനുകൾ വീതികൂട്ടി ഗതാഗത തിരക്കിന് പരമാവധി പരിഹാരം കാണാൻ ഗതാഗതക്രമീകരണ സമിതി നേരത്തെ തീരുമാനിച്ചിരുന്നു. ഒറ്റപ്പാലം ടി.ബി റോഡ്, ലക്ഷ്മി തിയ്യേറ്ററിന് സമീപമുള്ള സെൻഗുപ്ത റോഡ്, പാലാട്ട് റോഡ് തുടങ്ങിയ ജംഗ്ഷനുകളാണ് നവീകരിക്കാൻ തീരുമാനിച്ചിരുന്നത്. ഇവിടെയുള്ള കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്തിയാണ് നഗരത്തിലെ സഞ്ചാരം സുഖമമാക്കുന്നത്. ഇതിനായി ഈ സ്ഥലങ്ങളിലെ റോഡിലേക്കിറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകളെല്ലാം മാറ്റിസ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |