പറക്കോട് തീയേറ്റർ ജംഗ്ഷൻ അപകടമേഖലയാകുന്നു
Monday 25 May 2026 12:19 AM IST
പറക്കോട് : അടൂർ നഗരസഭ - ഏഴംകുളം പഞ്ചായത്ത് അതിർത്തി പ്രദേശമായ ശക്തി തീയേറ്റർ ജംഗ്ഷനും പറക്കോട് ഹൈസ്കൂൾ ജംഗ്ഷനും ഇടയിൽ കഴിഞ്ഞ ദിവസം പുലർച്ചെ ടോറസ് വീടിന് മുകളിലേക്ക് മറഞ്ഞ് വൃദ്ധ മരിച്ചതിന്റെ നടുക്കത്തിലാണ് നാട്ടുകാർ. വൈകുന്നേരങ്ങളിൽ വലിയ ജനതിരക്ക് അനുഭവപ്പെടുന്ന പ്രദേശമാണിത്. പത്തനാപുരം ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ഈ ഭാഗത്തുള്ള വളവിൽ വളച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടാണെന്ന് ഡ്രൈവർമാർ പറയുന്നു. രാത്രിയിൽ നാഷണൽ പെർമിറ്റ് ലോറികൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു. അപകട സാദ്ധ്യത മുന്നറിയിപ്പ് ബോർഡുകൾ ഒന്നും തന്നെ ഈ ഭാഗത്തില്ല. വാഹനങ്ങൾ നിയന്ത്രണം തെറ്റിയാൽ ഇതുപോലുള്ള അപകടങ്ങൾ ആവർത്തിക്കപ്പെട്ടേക്കാം. അർദ്ധരാത്രി വരെ തുറന്നു പ്രവർത്തിക്കുന്ന തട്ടുകടകൾ നടത്തുന്നവർ ജീവനെ ഭയക്കേണ്ട സാഹചര്യമാണുള്ളത്.