പത്തനംതിട്ട: കൊവിഡ് പശ്ചാത്തലത്തിൽ കർഷകരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി കാർഷിക ഉത്പാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കർഷകർക്ക് വായ്പാ ധനസഹായത്തിനായി ജില്ലയ്ക്ക് 90 കോടി രൂപ അനുവദിച്ചു.
റിസർവ്വ് ബാങ്ക്
ഒഫ് ഇന്ത്യയുടെ ഹ്രസ്വകാല വായ്പാ പദ്ധതിയായ സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റിയിൽ നബാർഡ് മുഖേന കേരള ഗ്രാമീൺ ബാങ്ക്, പ്രൈമറി അഗ്രിക്കൾച്ചറൽ കോഓപ്പറേറ്റീവ് സൊസൈറ്റികൾ വഴിയാണ് വായ്പ നൽകുന്നത്. 6.4 ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭ്യമാകുന്നത്. അനുവദിച്ചു നൽകിയ തീയതി മുതൽ ഒരു വർഷത്തേക്കാണ് ലോൺ കാലാവധി.
പഞ്ചായത്ത് തലത്തിൽ സർവീസ് ഏരിയായിൽപ്പെടുന്ന സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് എന്നിവ മുഖേന മാത്രമാകും വായ്പ ലഭിക്കുക. ഇതിനായി ജില്ലയിലുള്ള പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, ഇലന്തൂർ, റാന്നി, കോന്നി, പറക്കോട്, പന്തളം എന്നീ ബ്ലോക്കുകളിലേക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് തലത്തിലാണ് 90 കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചത്.
വായ്പ ആവശ്യമുള്ള കർഷകർ അതത് കൃഷി ഭവനുമായി ബന്ധപ്പെട്ട് പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിലാ മാത്യു, കൃഷി ഡെപ്യൂട്ടി ഡറക്ടർ ലൂയിസ് മാത്യു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |