കോന്നി: സെൻട്രൽ കൗൺസിൽ ഫോർ ഫുഡ് റിസേർച്ച് ഡെവലപ്പ്മെന്റിന്റെ (സി.എഫ്.ആർ.ഡി) നിയന്ത്രണത്തിൽ ജില്ലയിലെ ആദ്യ മിനി ഭക്ഷ്യപാർക്ക് കോന്നിയിൽ വരുന്നു. അന്തർദേശീയ തലത്തിൽ സ്വീകാര്യമായ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു നല്കി മികച്ച ഭക്ഷണ പദാർത്ഥങ്ങൾ വിപണിയിലെത്തിക്കുക, അതിനാവശ്യമായ മാനവശേഷിയും സാങ്കേതിക വിദ്യയും വികസിപ്പിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സി.എഫ്.ആർ.ഡി പ്രവർത്തിക്കുന്നത്. കോന്നി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡായ പെരിഞ്ഞൊട്ടയ്ക്കലിലെ 35 ഏക്കർ സ്ഥലത്താണ് സി.എഫ്.ആർ.ഡി സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് മിനി ഭക്ഷ്യപാർക്ക് തുടങ്ങാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്.
മറ്റുസ്ഥാപനങ്ങൾ
ഭക്ഷ്യഗുണനിലവാര പരിശോധനാ ലാബ്, കോളേജ് ഒഫ് ഇൻഡിജനസ് ഫുഡ് ടെക്നോളജി, ഫുഡ് പ്രൊസസിംഗ് ട്രെയിനിംഗ് സെന്റർ എന്നിവയാണ് സി.എഫ്.ആർ.ഡിയുടെ ചുമതലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ.
ഭക്ഷ്യ വസ്തുക്കളുടെ
നിലവാരം പരിശോധിക്കൽ
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നും ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തി നല്കുന്നതും സി.എഫ്.ആർ.ഡിയാണ്. മിനി ഇൻക്യുബേഷൻ സെന്റർ, ട്രെയിനീസ് ഹോസ്റ്റൽ തുടങ്ങിയവയും പ്രവർത്തനം തുടങ്ങും.
പരിശീലന കേന്ദ്രം
സ്കൂൾ ഒഫ് ഫുഡ് ബിസിനസ് മാനേജ്മെന്റ് എന്ന പേരിൽ ഒരു മാനേജ്മെന്റ് പരിശീലന സ്ഥാപനവും ഉടൻ ആരംഭിക്കും. എം.ജി.സർവ്വകലാശാലയുടെ നേതൃത്വത്തിൽ ഫുഡ് ബിസിനസ് മാനേജ്മെൻറിൽ എം.ബി.എ കോഴ്സ് ആണ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നത്. 60 വിദ്യാർത്ഥികൾക്ക് പഠനസൗകര്യമൊരുക്കാൻ കഴിയുന്ന നിലയിൽ കെട്ടിട നിർമ്മാണവും പൂർത്തിയായിട്ടുണ്ട്.
സി.എഫ്.ആർ.ഡി കാമ്പസിന്റെ വിപുലീകരണത്തിനും വികസനത്തിനും ഉതകുന്ന പദ്ധതികൾ തയ്യാറാക്കാൻ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉടൻ ഉന്നതതല യോഗം ചേരും. മിനി ഭക്ഷ്യ പാർക്ക് തുടങ്ങുന്നത് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കി നല്കാൻ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ നിയോഗിക്കും.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |