കോഴഞ്ചേരി : 'പുല്ലാടൻ കപ്പ' കൊണ്ടുള്ള ഉപ്പേരിയും ശർക്കര വരട്ടിയും ആയാലോ ഈ ഓണത്തിന് ......? വേണ്ടവർ പുല്ലാട്ടെക്ക് വന്നോളൂ.
2017 മുതൽ ഏതാനും അമ്മമാരുടെ ചുമതലയിൽ പ്രവർത്തിച്ചു വരുന്ന 'അവനി' എന്ന കൂട്ടായ്മയുടെ ഓണവിഭവങ്ങൾ പാചകപ്പുരയിൽ തയ്യാറായിക്കഴിഞ്ഞു.
ചക്ക കൊണ്ടുള്ള ഉൽപ്പന്നങ്ങളാണ് കൂട്ടായ്മയുടെ സ്പെഷ്യൽ എങ്കിലും ജനപ്രീതിനേടിയ പുല്ലാടൻ കപ്പയിൽ നിന്ന് പിറവിയെടുക്കുന്ന വിഭവങ്ങളാണ് കൂടുതലും വിറ്റഴിയുന്നത്. ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന കപ്പ, ചക്ക, എത്തയ്ക്ക ഉപ്പേരികൾ, നാടൻ ശർക്കരയിൽ വെന്തു കോരുന്ന ശർക്കരവരട്ടി, ഉണ്ണിയപ്പം എന്നിവയ്ക്കു പുറമെ ഹൽവ, കട് ലറ്റ്, ബജി, ചക്കപ്പുട്ടുപൊടി, മിക്ചർ എന്നിവയും തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഓർഡർ അനുസരിച്ച് ചക്കപ്പുഴുക്ക്, ചക്കമീൻകറി എന്നിവയും ഇവിടെ വിൽപ്പനയ്ക്ക് റെഡി. കേരളത്തിലെവിടേക്കും വിഭവങ്ങൾ അവനി ലേബലിൽ കൊറിയർ സർവ്വീസ് വഴി എത്തിച്ചും നൽകും.
കോഴഞ്ചേരി - കോട്ടയം റൂട്ടിൽ പുല്ലാട് കഴിഞ്ഞ് പുരയിടത്തിൽകാവ് ജംഗ്ഷന് സമീപം ആലുംതറയിലാണ് 'അവനി'യുടെ ഓഫീസ്. കോയിപ്രം പഞ്ചായത്ത് 5-ാം വാർഡംഗം ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റായുള്ള ക്ലസ്റ്ററിന്റെയും കൃഷി വിജ്ഞാന കേന്ദ്രം പ്രെമിനന്റ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെയും നേതൃത്വത്തിലാണ് അവനി കൂട്ടായ്മയുടെ പ്രവർത്തനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |