കോന്നി : യു.ഡി.എഫ് ഭരിക്കുന്ന കോന്നി ബ്ളോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് എം.വി.അമ്പിളിയെ പുറത്താക്കിയതിന് പിന്നാലെ വൈസ് പ്രസിഡന്റ് ആർ.ദേവകുമാറിന് എതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 10.30 ന് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലാണ് ചർച്ചയും വോട്ടെടുപ്പും നടക്കുന്നത്. 13 അംഗ ഭരണസമിതിയിൽ ഏഴുപേർ യു.ഡി.എഫും ആറുപേർ എൽ.ഡി.എഫുമാണ്. രണ്ടാഴ്ച മുമ്പ് പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായിരുന്നു. യു.ഡി.എഫ് അംഗം ജിജി സജി കൂറുമാറി എൽ.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. ഇന്നും യു.ഡി.എഫ് അംഗത്തിന്റെ നിലപാട് നിർണ്ണായകമാകും.
അതേസമയം ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി സജിയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. പ്രസിഡന്റ് എം.വി.അമ്പിളിക്കെതിരെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ വിപ്പ് ലംഘിച്ച് പിന്തുണച്ചതിന്റെ പേരിലാണ് ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിലിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്. കമ്മിഷൻ അടിയന്തിര ഇടപെടിൽ നടത്തിയാൽ ജിജി ക്കെതിരെ ഇന്ന് നടപടി ഉണ്ടാകും. അല്ലെങ്കിൽ തുടർനടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് വീണ്ടും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |