SignIn
Kerala Kaumudi Online
Friday, 26 April 2024 2.50 AM IST

ജനകീയാസൂത്രണത്തിന് 25 വയസ്, മറക്കാനാകുമോ സുശീലയെ‌ ?

1
മുൻ പ്രസിഡന്റ് കെ.ബി.സുശീലയെ പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിക്കുന്നു

പള്ളിക്കൽ : ജനകീയാസൂത്രണത്തിന്റെ 25 വർഷം നേട്ടങ്ങളുടെ പട്ടികയാക്കി ആഘോഷമാക്കുന്നവർ സുശീലയെ അറിയണം, പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്ന് അഗതിമന്ദിരത്തിലെ അന്തേവാസിയായി മാറിയതും ഒറ്റപ്പെട്ടുപോയതുമായ ജീവിതത്തെ കുറിച്ചും അറിയണം. 1995ൽ ജനകീയാസൂത്രണ പദ്ധതിക്ക് തുടക്കമിട്ടനാളിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായിരുന്നു കെ.ബി.സുശീല എന്ന 26കാരി. ആദ്യ വനിതാ പ്രസിഡന്റും ആദ്യ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള പ്രസിഡന്റുമായിരുന്നു. അന്ന് പഞ്ചായത്തിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ചായ കടയിലായിരുന്നു ഓഫീസ് പ്രവർത്തിച്ചിരുന്നത്. അവിടെ സ്ഥലം സംഭാവനയായി വാങ്ങി ഇന്ന് കാണുന്ന ഓഫീസ് സമുച്ചയം നിർമ്മിച്ചാണ് സുശീല പടിയിറങ്ങിയത്. പക്ഷെ സുശീലയെ പിന്നാരും തെരക്കിയില്ല. ഗുരുതരമായ കാൻസർ രോഗം പിടിപെട്ട് ജീവിതത്തോട് പൊരുതിയ നാളുകളിൽ അവർ ഒറ്റയ്ക്കായിരുന്നു. മരുന്നിനും നിത്യചെലവിനും വകയില്ലാതെ വലഞ്ഞ് ഒടുവിൽ എറണാകുളത്ത് ഒരഗതി മന്ദിരത്തിൽ അഭയം തേടി. അസുഖത്തെ തുടർന്ന് വിവാഹിതയാകാനും കഴിഞ്ഞില്ല. ഇപ്പോൾ കുറച്ച് നാളായി സഹോദരിയോടൊപ്പമാണ് താമസം. പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നപ്പോൾ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറായി സുശീലയ്ക്ക് ജോലികിട്ടിയതാണ്. പദവി രാജിവച്ച് ജോലിക്ക് പോയാൽ പ്രസിഡന്റാകാൻ ഭരണപക്ഷത്തിന് വേറെ വനിതയില്ലാത്ത സാഹചര്യം. സുശീലയോട് പ്രസിഡന്റായി തുടരാൻ പാർട്ടി നേതാക്കൾ പറഞ്ഞു. ജോലി വേറെ നോക്കാമെന്ന വാഗ്ദാനവും. എന്നാൽ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ സുശീലയെ എല്ലാവരും മറന്നു, ദുരിതങ്ങൾ വേട്ടയാടിയ ജീവിതത്തിൽ താങ്ങാകാൻ ആരും ഉണ്ടായില്ല. ഇപ്പോഴും ദിനംപ്രതി 22ൽ അധികം ഗുളിക കഴിച്ച് ജീവിതത്തോട് പൊരുതുകയാണ് ഇവർ.

കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി സുശീല പള്ളിക്കൽ പഞ്ചായത്തോഫീസിന്റെ പടികടന്നെത്തി. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പഞ്ചായത്തിന്റെ ആദരവ് ഏറ്റുവാങ്ങാൻ. ദുരിതകഥകൾ ആരോടും പറയാതെ വേദനകൾ ഉള്ളിലൊതുക്കി പഞ്ചായത്തോഫീസ് നിർമിച്ചതടക്കമുള്ള വികസന നേട്ടങ്ങൾ അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ആദരവ് നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ ജി. പ്രസന്നകുമാരി , കെ.മോഹനൻ , മുൻ വൈസ് പ്രസിഡന്റുമാരായ ടി.മുരുകേശ്, എ.പി.സന്തോഷ്, സി.ആർദിൻ രാജ്, ബിനു മിനുക്കത്ത് , ആശാ ഷാജി, ഷൈലജ പുഷ്പൻ , മുൻ സെക്രട്ടറി ഉണ്ണികൃഷ്ണനുണ്ണിത്താൻ എന്നിവരെയും ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു അദ്ധ്യക്ഷത വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.