റാന്നി : മടന്തമൺ - വെച്ചൂച്ചിറ റോഡിൽ ചെമ്പനോലിയിലെ വളവിൽ കല്ലുമായി വന്ന വാഹനം അപകടത്തിൽപ്പെട്ടു. ലോഡ് നിറച്ച ശേഷം കൊടും വളവ് ഇറങ്ങി വരുമ്പോൾ വാഹനത്തിനു കുറുകെ ചാടിയ വൃദ്ധയെയും എതിരെ വന്ന ബൈക്ക് യാത്രക്കാരനെയും രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ലോറി അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം റോഡുപണിക്കായി വഴിയോരത്ത് ഇറക്കിയിട്ടിരുന്ന മെറ്റൽ കൂനയിൽ ഇടിച്ച് വാഹനം നിന്നതിനാൽ വൻ അപകടമാണ് ഒഴിവായത് . ഈ മേഖലയിൽ നിരന്തരം അപകടങ്ങൾ ഉണ്ടാവാറുണ്ട്. പാറമടയിൽ നിന്ന് ലോഡുമായി വരുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ഉന്നത നിലവാരത്തിൽ പണിപൂർത്തീകരിച്ച ഈ റോഡിൽ മാസങ്ങൾക്ക് മുമ്പ് സമാനമായ രീതിയിൽ അപകടം ഉണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടങ്ങൾ ഉണ്ടാകുന്നത്. പലപ്പോഴും വീടുകളുടെ മതിലിലും കയ്യാലയിലും ഇടിച്ചുനിറുത്തിയാണ് വാഹനങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെടാറുള്ളത്. ഭീതിയോടെയാണ് ഈ മേഖലയിലെ ജനങ്ങൾ താമസിക്കുന്നത്. അപകടങ്ങൾ കൂടി വരുന്നതിനാൽ സർക്കാർ ന്യായമായ വില നൽകി സ്ഥലം ഏറ്റെടുത്ത് റോഡിന്റെ വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |