കോന്നി: ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി നിർമ്മാണം ഉടൻ പൂർത്തിയാകുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. സംസ്ഥാന ഡ്രഗ്ഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ലാബിന്റെ നിർമ്മാണപുരോഗതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയിൽ ആരംഭിക്കുന്നത്. കോന്നിയിൽ അരുവാപ്പുലം പഞ്ചായത്തിലെ നെടുംപാറയിൽ ഗവ.മെഡിക്കൽ കോളേജിനു സമീപമുള്ള ഒരേക്കർ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിർമ്മാണം നടക്കുന്നത്.
കെട്ടിട നിർമ്മാണവും, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ജോലികളും പൂർത്തിയായിട്ടുണ്ട്. ലാബ് സെറ്റിംഗ് പൂർത്തിയാക്കേണ്ടതുണ്ട്. 3 കോടി 80 ലക്ഷം രൂപ മുടക്കി മൂന്നു നിലയിലായി നിർമ്മിക്കുന്ന 16000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടത്തിന്റെ നിർമ്മാണമാണ് പൂർത്തിയായിട്ടുള്ളത്.
നിർമ്മാണം പൂർത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഡ്മിനിസ്ട്രേഷൻ വിഭാഗം, ലൈബ്രറി, സ്റ്റോർ, ഡയനിംഗ് ഹാൾ, കോൺഫറൻസ് ഹാൾ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവർത്തിക്കുക. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ, ഡെപ്യൂട്ടി കൺട്രോളർ പി.എം.ജയൻ, അനലിസ്റ്റ് മോഹനചന്ദ്രൻ , പൊതുമരാമത്ത് കെട്ടിട വിഭാഗം അസി.എൻജിനിയർ ആർ.അരവിന്ദ് ,കോൺട്രാക്ടർ സപ്രു.കെ.ജേക്കബ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |