SignIn
Kerala Kaumudi Online
Saturday, 20 April 2024 5.14 AM IST

ജില്ലയിലെ നാല് അദ്ധ്യാപകർക്ക് അവാർഡ്

award

പത്തനംതിട്ട : ജില്ലയിലെ നാല് അദ്ധ്യാപകർക്ക് സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ചു. പ്രൈമറി വിഭാഗത്തിൽ കലഞ്ഞൂർ ഗവ. എൽ.പി.സ്കൂളിലെ ഹെഡ്മാസ്റ്റർ വി.അനിൽ, സെക്കൻഡറി വിഭാഗത്തിൽ പത്തനംതിട്ട മാർത്തോമ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ടി.രാജീവൻ നായർ, ഹയർസെക്കൻഡറി വിഭാഗത്തിൽ തുമ്പമൺ എം.ജി.എച്ച്. എസ്.എസിലെ സജി വറുഗീസ്, വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൈപ്പട്ടൂർ ഗവ.വോക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ചാർജ് വി.പ്രിയ എന്നിവർക്കാണ് അവാർഡുകൾ ലഭിച്ചത്.

വി.പ്രിയ

നാല് വർഷമായി കൈപ്പട്ടൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയും പ്രിൻസിപ്പൽ ചാർജുമാണ്. സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വൊക്കേഷണൽ കോഴ്സുകളു‌ടെ പ്രധാന്യം വിശദീകരിച്ചുകൊണ്ടുള്ള ബോധവൽക്കരണ പരിപാടികൾ, മികച്ച എൻ.എസ്.എസ് പ്രവർത്തനം, കാർഷിക പ്രവർത്തനങ്ങളിൽ സ്കൂളിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് പ്രിയയെ അവാർഡിന് അർഹയാക്കിയത്. നെടുമൺ, കൊല്ലം മുട്ടറ ഗവ.വൊക്കേഷണൽ സ്കൂളുകളിൽ അദ്ധ്യാപികയായിരുന്നു. 19 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. കൊല്ലം കിഴക്കേകല്ലട പവിത്രം വീട്ടിൽ പി.പ്രകാശിന്റെ (എ.ആർ ക്യാമ്പ് എസ്.എെ) ഭാര്യയാണ്. മക്കൾ വിദ്യാർത്ഥികളായ പവിത്ര, പൗർണമി.

ടി. രാജീവൻ നായർ

അഞ്ചു വർഷമായി മേക്കൊഴൂർ മാർത്തോമ ഹൈസ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാണ്. പ്രമാടം നേതാജി എച്ച്.എസ്.എസിൽ കാൽനൂറ്റാണ്ട് കാലം അദ്ധ്യാപകനായിരുന്നു. ചുമതലയേറ്റപ്പോൾ ഉണ്ടായിരുന്ന കുട്ടികളുടെ മൂന്നിരട്ടിയിലധികം കുട്ടികൾ ഇപ്പോൾ വിദ്യാലയത്തിലുണ്ട്. പാഠഭാഗങ്ങൾ രൂപാന്തരപ്പെടുത്തി കുട്ടികൾ സ്റ്റേജിൽ അവതരിപ്പിക്കുന്ന കുട്ടിത്തിളക്കം പരിപാടിക്ക് വലിയ പിന്തുണ ലഭിച്ചു. ഡയറ്റും എസ്.സി.ഇ.ആർ.ടിയും മികച്ച അക്കാദമിക പ്രവർത്തനമായി അംഗീകരിച്ചിരുന്നു.
വായനാവർഷം, ലഹരി വിരുദ്ധയജ്ഞം, ഗാന്ധിജയന്തി കാരുണ്യ കലവറ തുടങ്ങിയ പരിപാടികൾ നടത്തി.
കൊടുമൺ സ്വദേശിയാണ്. ഭാര്യ: മീനാകുമാരി (അദ്ധ്യാപിക, സെന്റ് മേരീസ് എം.എം.യു.പി.എസ് അടൂർ). മക്കൾ: കിരൺ (ഫെഡറൽ ബാങ്ക് ആലുവ), കിഷോർ (വിദ്യാർത്ഥി ടി.കെ.എം എൻജിനീയറിംഗ് കോളേജ് കൊല്ലം).

സജി വർഗീസ്

സജി പട്ടരുമഠം എന്ന വിളിപ്പേരിലറിയപ്പെടുന്ന സജി വർഗീസ് 21 വർഷമായി തുമ്പമൺ എം.ജി ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപകനാണ്. ബുധനൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ താല്ക്കാലിക അടിസ്ഥാനത്തിലും, പന്തളം എമിനൻസ് പബ്ലിക്ക് സ്‌കൂളിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നത്. 'എഡ്യൂ ഹെൽപ്പ് ' പദ്ധതിയിലൂടെ ഓൺലൈൻ പഠന സൗകര്യമൊരുക്കൽ, 'കൂടൊരുക്കാം കൂട്ടുകാരന്' പദ്ധതിയിൽ ഭവന നിർമ്മാണം, അവശരായവർക്ക് മാസം തോറുമുള്ള കരുതൽ പെൻഷൻ, ഉപജീവനത്തിനായി പെട്ടിക്കട നല്കൽ, 'പാഥേയം' പൊതിച്ചോർ വിതരണം, ഭിന്നശേഷി കുട്ടികൾക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് അവാർഡ്. പഠനത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പുസ്തകം, ഉച്ചഭക്ഷണം, യൂണിഫോം നല്കുകയും പ്രത്യേക ക്ലാസും നോട്ടും ക്രമികരിക്കുകയും ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. പുത്തൻകാവ് മെട്രോപ്പോലിറ്റൻ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക സൂസൻ ചാക്കോയാണ് ഭാര്യ. നോയൽ എസ്.വർഗീസ്, നിധി അന്ന സജി എന്നിവർ മക്കളാണ്.

വി.അനിൽ

കോന്നി: സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ കലഞ്ഞൂർ ഗവ. എൽ.പി.സ്കൂൾ ഹെഡ് മാസ്റ്റർ വി.അനിൽ കഴിഞ്ഞ മുപ്പതു വർഷങ്ങളായി അദ്ധ്യാപകരംഗത്തു പ്രവർത്തിക്കുന്നു. 2013 ൽ ഹെഡ് മാസ്റ്ററായി. അരുവാപ്പുലം, ഇളമണ്ണൂർ, തുടങ്ങിയ സ്കൂളുകളിൽ ഹെഡ് മാസ്റ്റർ ആയിരുന്നു. 2018 ൽ കലഞ്ഞൂർ ഗവ. എൽ.പി.എസിൽ ഹെഡ് മാസ്റ്ററായി. 556 വിദ്യാർത്ഥികൾ ഉണ്ടായിരുന്ന സ്കൂളിനെ 603 വിദ്യാർത്ഥികളുള്ള സ്കൂളായി ഉയർത്തി. സ്വന്തമായി സ്ഥലമില്ലാത്ത സ്കൂളിന് ക്ലാസ് മുറികളുടെ കുറവ് പരിഹരിക്കാനായി സർക്കാരിൽ നിന്ന് ഒന്നേകാൽ കോടി രൂപ നേടിയെടുത്തു. ഹൈസ്കൂളിന്റെ മൈതാനത്തു എൽ.പി സ്കൂളിനായി പുതിയ കെട്ടിടം പൂർത്തിയാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തി. സ്കൂളിനെ അക്കാദമിക്, കല, ശാസ്ത്ര മേഖലകളിൽ മികവുറ്റതാക്കാൻ നേതൃത്വം നൽകി. ഇവിടുത്തെ വിദ്യാർത്ഥികൾ പതിനാറു വർഷമായി കല, ശാസ്ത്ര മത്സരങ്ങളിൽ ഉപജില്ലാ ചാമ്പ്യൻമാരാണ്. മാരൂർ ഗവ. ഹൈസ്കൂളിലെ സംസ്‌കൃത അദ്ധ്യാപിക സുജ ഭാര്യയാണ്. ഇതേ സ്കൂളിലെ വിദ്യാർത്ഥികളായ അനുശ്രീ, അക്ഷര എന്നിവർ മക്കളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.