SignIn
Kerala Kaumudi Online
Thursday, 25 April 2024 4.53 AM IST

ചേരുവ പാടശേഖരത്ത് വിത്തിടീൽ മഹോത്സവം, കാർഷിക മേഖലയിൽ മികച്ച വരുമാനം ഉറപ്പാക്കും : മന്ത്രി

paddy
ചേരുവാ പാടശേഖരത്ത് വി​തയുത്സവം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ : കാർഷിക മേഖലയിൽ ആധുനികവത്ക്കരണവും യുവ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കൃഷി അനുബന്ധ മേഖലയിൽ മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു നീങ്ങുന്നതായി കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കൊടുമൺ ചേരുവ പാടശേഖരത്ത് വിത്തിടീൽ മഹോത്സവത്തിന്റെ ഭാഗമായി ഉത്തമ കാർഷിക മുറകൾ പ്രകാരം തയാറാക്കിയ, കൊടുമൺ റൈസ് ബ്രാൻഡിന് വേണ്ടിയുള്ള മനുരത്ന ഇനം വിത്ത് വിതച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷണം കഴിക്കാതെ മനുഷ്യന് ഭൂമിയിൽ കഴിയാൻ സാധിക്കില്ല. പുതുതലമുറ കൃഷിയെ കൈയൊഴിയാതിരിക്കാനും കർഷകർക്ക് ഗുണകരമായ വരുമാനം ഉറപ്പുവരുത്തുന്നതിനും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിച്ചു വരുന്നു. കൃഷിയിൽ നിന്ന് കർഷകന് 50 ശതമാനം വരുമാനം ഉറപ്പാക്കുന്നതിന് ഉത്പാദനം, സംസ്‌ക്കരണം, വിപണനം എന്നീ മേഖലയിൽ കാലോചിതമായ നവീകരണം സർക്കാർ നടപ്പാക്കി വരുന്നു. കൊടുമൺ റൈസ് എന്ന ഉയർന്ന ഗുണനിലവാരമുള്ള ബ്രാൻഡ് കേരളം ഏറ്റെടുത്തുകഴിഞ്ഞു. വിഷരഹിതമായ അരിയും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു.
നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.
കൊടുമണിലെ കർഷക തൊഴിലാളികളെയും, കൊടുമൺ കാർഷിക കർമ്മ സേനാ പ്രവർത്തകരെയും ആദരിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ ബീനാപ്രഭ, കൊടുമൺ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞന്നാമ്മകുഞ്ഞ്, കൊടുമൺ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ. വിപിൻകുമാർ, എ.ജി. ശ്രീകുമാർ, എൻ. വിജയൻ നായർ, കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ. സലീം, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടറായ ലൂയിസ് മാത്യു, എലിസമ്പത്ത് തമ്പാൻ, കൊടുമൺ കൃഷി ഓഫീസർ എസ്. ആദില തുടങ്ങിയവർ പങ്കെടുത്തു.

ജനകീയ കൂട്ടായ്മയിലൂടെ വിജയിച്ച സംരംഭം

കൊടുമൺ: കൊടുമൺ ഗ്രാമപഞ്ചായത്തിൽ മുപ്പതുവർഷമായി തരിശുകിടന്ന 150 ഹെക്ടർ സ്ഥലത്ത് 250 കർഷകരെ സംഘടിപ്പിച്ച് ഇരിപ്പൂ കൃഷി ചെയ്യാൻ തീരുമാനിച്ചത് കേരളത്തിന് തന്നെ മാതൃകയായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി ക‌ർഷകരെയും നിലമുടമകളെയും സംഘടിപ്പിച്ചത് സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറിയും കൊടുമൺ കർഷക സമിതി പ്രസിഡന്റുമായ എ.എൻ.സലീമിന്റെ നേതൃത്വത്തിലുള്ള കർഷക സമിതിയാണ്. കൊടുമൺ കൃഷി ഒാഫീസ‌ർ എസ്.ആദില മാർഗനിർദ്ദേശങ്ങൾ നൽകി. ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്കും കൃഷിമന്ത്രിയായിരുന്ന വി.എസ്. സുനിൽ കുമാറും ചിറ്റയം ഗോപകുമാർ എം.എൽ.എയും പിന്തുണ നൽകി. കർഷകർ വിളയിക്കുന്ന നെല്ല് കുമരകം വെച്ചൂരിലുള്ള ഒായിൽപാം ഇന്ത്യയുടെ കീഴിലുള്ള റൈസ് മില്ലിൽ കൊണ്ടുപോയാണ് അരിയാക്കിയിരുന്നത്. ഇത് കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാക്കിയെങ്കിലും കൊടുമൺ റൈസ് എന്ന് ബ്രാന്റ് പ്രസിദ്ധമായി. കൊടുമൺ റൈസ് വാങ്ങി വിൽക്കാൻ കച്ചവടക്കാരും ഏറെയുണ്ടായി. കർഷകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിൽ ബോദ്ധ്യപ്പെട്ട സർക്കാർ ഇവിടെ റൈസ് മില്ലിന് അംഗീകാരം നൽകുകയായിരുന്നു. മില്ല് സ്ഥാപിക്കുന്നതിന് ഒറ്റത്തേക്ക് പബ്ളിക്ക് മാ‌ർക്കറ്റിനോട് ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പത്തനംതിട്ട, ജില്ലാ പഞ്ചായത്ത്, പറക്കോട് ബ്ളോക്ക് പഞ്ചായത്ത് , കൊടുമൺ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെയാണ് മില്ല് സ്ഥാപിക്കുന്നത്. തരിശായി ശേഷിക്കുന്ന സ്ഥലത്ത് ഉടൻ കൃഷി ആരംഭിക്കുമെന്ന് പാടശേഖരസമിതി പ്രസിഡന്റ് എ.എൻ.സലീം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.