പത്തനംതിട്ട : ജില്ലയിലെ സർക്കാർ മേഖലയിലുള്ള ഹയർസെക്കൻഡറി, ഹൈസ്കൂൾ, വി.എച്ച്.എസ്.എസ് സ്കൂളുകളുടെ വികസനത്തിന് രണ്ട് കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. കോന്നി ഗവ.എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾക്കായി 1.45 കോടി രൂപയും ബഞ്ചും, ഡസ്കും വാങ്ങുന്നതിന് 20 ലക്ഷം രൂപയും കമ്പ്യൂട്ടർ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി 30 ലക്ഷം രൂപയും ശുചീകരണത്തിന് അഞ്ച് ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലുള്ള കുട്ടികളാണ് സ്കൂളുകളിൽ എത്തിയത്. കോന്നി ഗവ.എച്ച്.എസ്.എസിലെ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകൾക്ക് പൂക്കൾ നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അദ്ധ്യാപകരും ചേർന്ന് വരവേറ്റു. കൂടാതെ ഒന്നാം ക്ലാസിലെ 30 കുട്ടികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 1600 വിദ്യാർത്ഥികളാണുള്ളത്.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബീനാ റാണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അജോ മോൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തുളസീമണിയമ്മ, കെ.ജി ഉദയകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഫൈസൽ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഓർഡിനേറ്റർ എസ്.രാജേഷ്, എ.ഇ.ഒ കുഞ്ഞുമൊയ്തീൻ കുട്ടി, പി.ടി.എ പ്രസിഡന്റ് എൻ. അനിൽ കുമാർ, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |