ശബരിമല : പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിക്കാൻ പൊലീസിന് കരാർ ഡ്രൈവർമാരെ ആശ്രയിക്കേണ്ട. സ്വന്തമായുള്ള ട്രാക്ടറിന്റെ വളയവും പൊലീസ് തന്നെ പിടിക്കും. പൊലീസിന്റെയും എൻ.ഡി.ആർ.എഫ്, ആർ.എ.എഫ് എന്നീ സേനകളുടെയും സാധനങ്ങൾ, ഉപകരണങ്ങൾ, സന്നിധാനം മെസ്സിലേക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ എന്നിവ എത്തിച്ചു നൽകുകയാണ് ലക്ഷ്യം. മുൻ വർഷങ്ങളിലും പൊലീസിന് ട്രാക്ടർ ഉണ്ടായിരുന്നെങ്കിലും കരാർ അടിസ്ഥാനത്തിലാണ് ഡ്രൈവർമാരെ നിയമിച്ചിരുന്നത്. ഇപ്പോൾ പരിശീലനം ലഭിച്ച പൊലീസുകാർക്കാണ് ചുമതല. പമ്പ സ്റ്റേഷൻ, പത്തനംതിട്ട എ.ആർ.ക്യാമ്പ്, പൊലീസ് അക്കാദമി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് ട്രാക്ടറുകളാണ് സർവീസ് നടത്തുക. അതിനായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 42 പേരാണ് പരിശീലനം നേടിയത്. ആദ്യഘട്ടത്തിൽ ഏഴു ഡ്രൈവർമാരാണ് എത്തിയിട്ടുള്ളത്. സന്നിധാനത്തെയും പമ്പയിലേയും മെസ്സ് പൊലീസ് നേരിട്ടാണ് നടത്തുന്നത്. സന്നിധാനം മെസിലേക്കാവശ്യമായ സാധനങ്ങളും പച്ചക്കറികൾ ഉൾപ്പെടെയുള്ളവയും ഇടയ്ക്കിടെ എത്തിക്കണം. ആദ്യകാലങ്ങളിൽ സ്വകാര്യ ട്രാക്ടറുകളെയായിരുന്നു ആശ്രയിച്ചുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |