SignIn
Kerala Kaumudi Online
Saturday, 20 April 2024 8.42 AM IST

ജില്ലാ പഞ്ചായത്തിന് 237.94 കോടിയുടെ ബഡ്ജറ്റ്, ശുചിത്വത്തിനും കൃഷിക്കും മുൻതൂക്കം

budjet

പത്തനംതിട്ട : ജില്ലാ പഞ്ചായത്തിന്റെ വാർഷിക ബജ്ഡറ്റ് വൈസ് പ്രസിഡന്റ് സാറാ തോമസ് അവതരിപ്പിച്ചു. 237.94 കോടി രൂപ വരവും 224.73 കോടി ചെലവും 13.21 കോടി രൂപ മിച്ചവും കാണിക്കുന്നതാണ് ബഡ്ജറ്റ്. ജില്ലയെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കാൻ 'നിർമ്മല ഗ്രാമം, നിർമ്മല നഗരം, നിർമ്മല ജില്ല ' പദ്ധതിക്ക് നാലുകോടി രൂപ വകയിരുത്തി. ഇതിന്റെ ഭാഗമായി കുന്നന്താനം കിൻഫ്ര പാർക്കിൽ പ്ലാസ്റ്റിക് പാഴ്‌വസ്തു സംസ്‌കരണ പ്ലാന്റിന്റെ നിർമ്മാണത്തിനുള്ള പ്രാരംഭ നടപടികൾക്ക് ധാരണാപത്രം ഒപ്പിട്ടു. ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കൃഷിക്ക് 9.55 കോടി

കരിമ്പ് കൃഷി പുനരാരംഭിക്കാനും ശർക്കര ഉദ്പാദനം നടത്താനും പുതിയ പദ്ധതി. നെൽകൃഷി വികസനം, തരിശുനില കൃഷി പ്രോത്സാഹനം, ജൈവകൃഷി പദ്ധതി, കാർഷിക ഉത്പന്നങ്ങളുടെ സംഭരണ വിപണന കേന്ദ്രങ്ങൾ എന്നിവയ്ക്ക് പ്രോജക്ട് നടപ്പാക്കും. പുല്ലാട്, അടൂർ സീഡ് ഫാമുകളിൽ ഒരു കോടി രൂപ മുടക്കി ആധുനിക രീതിയിലുള്ള വിത്ത് സംഭരണകേന്ദ്രം സ്ഥാപിക്കും. കൊടുമൺ റൈസ് മില്ലിന്റെ നിർമ്മാണത്തിന് 60 ലക്ഷം രൂപ വകയിരുത്തി. കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും കൃഷി ഇടങ്ങൾ സംരക്ഷിക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കും.

ക്ഷീരമേഖലയ്ക്ക് 2.92 കോ‌ടി

മൃഗസംരക്ഷണ, ക്ഷീര വികസന മേഖലകൾക്ക് 2.92 കോടി രൂപ നീക്കിവച്ചു. ക്ഷീരകർഷകർക്ക് ധനസഹായം, ക്ഷീര സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട്, തീറ്റപ്പുൽ കൃഷിക്ക് സബ്‌സിഡി, ജില്ലാ മൃഗാശുപത്രിയുടെ വിപുലീകരണം തുടങ്ങിയവയാണ് പദ്ധതികൾ.

വിദ്യാഭ്യാസത്തിന് 18കോടി

പഠന നിലവാരം മെച്ചപ്പെടുത്താൻ നമ്മളെത്തും മുന്നിലെത്തും പദ്ധതി നടപ്പിലാക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളുടെ നവീകരണം, ശൗചാലയങ്ങളുടെ നിർമ്മാണം എന്നിവയ്ക്കും ഫണ്ട് നീക്കി വച്ചിട്ടുണ്ട്.

ആരോഗ്യത്തിന് 8.25കോടി

ജില്ലാ ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, ഓക്‌സിജൻ പ്ലാന്റ്, ബ്ലഡ് ബാങ്ക് എന്നിവ നടപ്പാക്കും. ജില്ലയിൽ കാൻസർ നിർമ്മാർജന ക്യാമ്പുകൾ സംഘടിപ്പിക്കും. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് സൗജന്യ മരുന്ന് നൽകാൻ അതിജീവനം പദ്ധതി നടപ്പിലാക്കും. അയിരൂർ ജില്ലാആയുർവേദ ആശുപത്രിയിൽ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. കൊറ്റനാട് ജില്ലാ ഹോമിയോ ആശുപത്രി നവീകരിക്കും.

ഭവന നിർമ്മാണത്തിന് 11.30കോടി

ഭവനനിർമാണത്തിന് 11.30 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ലൈഫ് പദ്ധതിയിൽ ഗ്രാമപഞ്ചായത്തുകളിൽ തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് തുക നൽകും. അതിദരിദ്രരെ സഹായിക്കാൻ പദ്ധതി നടപ്പാക്കും. ജനകീയ ഹോട്ടൽ സംവിധാനം ശക്തിപ്പെടുത്തും. ആറന്മുള പള്ളിയോടങ്ങൾക്ക് ധനസഹായം, അയിരൂർ കഥകളി ക്ലബ്ബിന് ധനസഹായം എന്നീ പദ്ധതികളും നടപ്പിലാക്കും. പട്ടികജാതിക്ഷേമം, വനിതാക്ഷേമം എന്നിവയ്ക്കായി പതിനഞ്ച് കോടി വകയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷതവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.