കോന്നി : കെ.എസ്.ആർ.ടി.സി അവധികാലത്ത് വിഷൻ 1000 എന്ന പേരിൽ 1000 ടൂറിസ്റ് പാക്കേജുകൾ ഓപ്പറേറ്റ് ചെയ്യാൻ തീരുമാനിച്ചു. ഇതിലേക്ക് വിദ്യാർത്ഥികളെയും സ്കൂളുകളെയും കൂടുതലായി പങ്കെടുപ്പിക്കാനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണവും തേടിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി പുതുതായി നടത്തുന്ന ബഡ്ജറ്റ് ടൂറിസം സർവീസുകളിൽ മാർച്ചു 31 വരെ 197 സർവീസുകൾ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് നടത്തി. വിനോദ സഞ്ചാരികളെ കുറഞ്ഞ ചെലവിൽ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് കെ.എസ്. ആർ.ടി.സി ഇത്തരത്തിൽ ഒരു പാക്കേജ് ആവിഷ്ക്കരിച്ചത്. രണ്ടു കോടി രൂപയാണ് ബഡ്ജറ്റ് ടൂറിസം സർവീസുകളിൽ നിന്ന് ഇതുവരെയുള്ള വരുമാനം. ടൂറിസം സർവീസുകൾക്ക് ഡി.ടി.പി.സി യുടെ സഹകരണവും ലഭിക്കുന്നുണ്ട്. കോതമംഗലം ഡിപ്പോയിൽ നിന്ന് ഭൂതത്താൻകെട്ട്, മാമലക്കണ്ടം, മാങ്കുളം വഴിയുള്ള മൂന്നാർ ടൂറിസ്റ് സർവീസിനാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത്. ഒരു ദിവസത്തെ യാത്രയാണ് ഭൂതത്താൻ കെട്ടിലേക്ക് ക്രമീകരിച്ചിരിക്കുന്നത്. ഭൂതത്താൻ കെട്ടിൽ ഒരുമണിക്കൂർ ബോട്ടിങ്ങും ഉണ്ട്. മാങ്കുളം വഴി വനത്തിലൂടെയുള്ള യാത്രയിൽ വന്യ മൃഗങ്ങളെയും കാണാം എന്നതും പ്രത്യേകതയാണ്. 700 രൂപയാണ് നിരക്ക്. ശനി,ഞായർ ദിവസങ്ങളിലാണ് ട്രിപ്പ് ഓപ്പറേറ്റ് ചെയ്യുന്നത്. ഈ മാസം 24 ന് 80 ടൂറിസ്റ് സർവീസുകൾക്കാണ് യാത്രക്കാർ ബുക്ക് ചെയ്തിരിക്കുന്നത്. ടൂറിസം സർവീസുകൾക്ക് ഡി.ടി.പി.സിയുടെ സഹകരണവും ലഭിക്കുന്നുണ്ട്. വിഷു, ഈസ്റ്റർ ദിവസങ്ങളിൽ സഞ്ചാരികളുടെ തിരക്ക് പൊതുവെ കുറവായിട്ടാണ് കാണുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |