SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.01 PM IST

മത്തായിയുട‌െ മരണം : സി.ബി.എെയുടെ കണ്ടെത്തലുകൾ ശരിവച്ച് വനംവകുപ്പ് , വനപാലകർ കുടുങ്ങും

mayhayi

പത്തനംതിട്ട : വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാർ കുടപ്പനയിൽ യുവകർഷകൻ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.ബി.എെയുടെ അന്വേഷണ റിപ്പോർട്ട് ശരിവച്ച വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഒാഫീസറടക്കം ഏഴ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി.

മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകർ, സി.ബി.എെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് പ്രോസിക്യൂഷന് അനുമതി നൽകിക്കൊണ്ടുള്ള വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹയുടെ ഉത്തരവിൽ പറയുന്നു. 10വർഷം തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ നരഹത്യയാണ് പ്രതികൾ ചെയ്തത്.

2020 ജൂലയ് 28ന് മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത് മുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി പ്രവർത്തിച്ചതിന് നിരവധി തെളിവുകൾ സി.ബി.എെയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്.

നാലുമുക്കിൽ വനത്തിൽ സ്ഥാപിച്ചിരുന്ന കാമറയിലെ സിംകാർഡ് മോഷ്ടിച്ചുവെന്നായിരുന്നു മത്തായിക്കെതിരെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്. സംഭവദിവസം വൈകിട്ട് നാല് മണിയോടെ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഒാഫീസറുടെ നേതൃത്വത്തിൽ വനപാലക സംഘം മത്തായി താമസിച്ചിരുന്ന അരീക്കക്കാവിലെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്ന് സി.ബി.എെ റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റ് മെമ്മോയില്ലാതെ മത്തായിയെ ബലമായി പിടിച്ചുകൊണ്ടുപോയി. ചോദ്യം ചെയ്ത മാതാവിനെ തളളിയിട്ടതിനെ തുടർന്ന് അവർ ബോധരഹിതയായി. നാലുമുക്കിലേക്കുള്ള യാത്രയ്ക്കിടെ മത്തായിക്ക് പല തവണ മർദ്ദനമേറ്റു.

കാമറയിലെ സിം കാർഡുകൾ മത്തായിയുടെ കുടപ്പനയിലെ കുടുംബവീടിനോടു ചേർന്നുള്ള കിണറ്റിലെറിഞ്ഞുവെന്നായിരുന്നു വനംവകുപ്പ് ആരോപിച്ചിരുന്നത്. സിം കാർഡ് കണ്ടെത്താനായി മത്തായിയെ കിണറ്റിന്റെ കരയിലെത്തിച്ചു. കിണറ്റിലിറങ്ങി സിംകാർഡ് എടുക്കാൻ വനപാലകർ നിർബന്ധിച്ചു. മത്തായിക്ക് ഒരു സുരക്ഷയുമൊരുക്കിയില്ല. ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ മത്തായി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് സി.ബി.എെ റിപ്പോർട്ടിൽ പറയുന്നു. മത്തായിയെ രക്ഷപെടുത്താൻ ശ്രമിക്കാതെ ഡെപ്യൂട്ടി റേഞ്ച് ഒാഫീസറും സംഘവും ജീപ്പ് ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് കരയ്ക്കെത്തിച്ചപ്പോഴേക്കും മത്തായി മരണപ്പെട്ടിരുന്നു. രാത്രി ഒൻപതരയോടെ വനപാലക സംഘം കരികുളം ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിയ ശേഷമാണ് കാമറ നശിപ്പിച്ചെന്ന് പറയുന്ന കേസിൽ മഹസർ തയ്യാറാക്കിയത്. പിറ്റേന്ന് പുലർച്ചെ രണ്ടരയോടെ ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് വനപാലകർ മഹസർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു. മഹസറിൽ മത്തായിയെ കസ്റ്റഡിയിലെടുത്തതിന്റെയും മറ്റും സമയവും സ്ഥലവും ഉൾപ്പെടെ ഒട്ടേറെ വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നതായി ലോക്കൽ പൊലീസും സി.ബി.എെയും കണ്ടെത്തി.

മത്തായിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസെടുക്കാതെ വിട്ടയക്കുന്നതിന് ഇടനിലക്കാരായ അരുൺ സത്യൻ, ഷിബൻ എന്നിവർ മുഖേന വനപാലകർ 75,000രൂപ ആവശ്യപ്പെട്ടിരുന്നുവെന്ന മത്തായിയുടെ ഭാര്യ ഷീബാമോളുടെ മൊഴി സത്യമാണെന്ന് സി.ബി.എെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ആദ്യം ചിറ്റാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഷീബാമോളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി സി.ബി.എെയ്ക്ക് വിടുകയായിരുന്നു.

'' എഫ്.എെ.ആർ, സാക്ഷിമൊഴികൾ, ഫയലുകൾ, തെളിവുകൾ തുടങ്ങിയവ പരിശോധിച്ചപ്പോൾ മത്തായിയെ കസ്റ്റഡിയിലെടുത്ത വനംവകുപ്പ് ഉദ്യോസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്.

രാജേഷ് കുമാർ സിൻഹ,

വനംവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

'' നീതി ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം. അതിനുവേണ്ടിയുള്ള പോരാട്ടം തുടരും.

ഷീബാമോൾ, മത്തായിയുടെ ഭാര്യ

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

പ്രതികൾ ഇവർ: 1.ആർ. രാജേഷ് കുമാർ (ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഒാഫീസർ). 2. എ.കെ പ്രദീപ് കുമാർ (സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ). 3.ജോസ് ഡിക്രൂസ് (സെക്ഷൻ ഫോറസ്റ്റ് ഒാഫീസർ). 4. ടി. അനിൽകുമാർ, (ബീറ്റ് ഫോറസ്റ്റ് ഒാഫീസർ). 5.എൻ.സന്തോഷ് (ബീറ്റ് ഫോറസ്റ്റ് ഒാഫീസർ). 6. വി.എം.ലക്ഷ്മി (ബീറ്റ് ഫോറസ്റ്റ് ഒാഫീസർ). 7. ഇ.ബി.പ്രദീപ് കുമാർ (ട്രൈബൽ വാച്ചർ).

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.