പത്തനംതിട്ട : ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മുഴുവൻ ഷവർമ വില്പനകേന്ദ്രങ്ങളും പൂട്ടാനാണ് തീരുമാനം. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഏഴുപേർക്ക് നോട്ടീസ് നൽകി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും ഉത്തരവുകളായി. ഷവർമ പരിശോധനകൾ കർശനമാക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്. പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന. ഷവർമയുമായി ബന്ധപ്പെട്ടാണ് പ്രധാന പരിശോധനകളെങ്കിലും വഴിയോര വ്യാപാരശാലകളും ഹോട്ടലുകളും പരിശോധിക്കുന്നുണ്ട്. ശുചിത്വം പാലിക്കാത്ത സ്ഥാപനങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം മന്ത്രിയും അറിയിച്ചിരുന്നു.
വഴിയോരങ്ങളിൽ പാചകം ചെയ്തു വില്പന നടത്തുന്നവർ ഭക്ഷ്യ സുരക്ഷ വകുപ്പിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷന് സാവകാശം നൽകും. 12 ലക്ഷം രൂപയിലധികം വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. ഇതിൽ കുറവാണ് വിറ്റുവരവെങ്കിലും എല്ലാ ഭക്ഷണവില്പനശാലകളും വഴിയോര വിപണന കേന്ദ്രങ്ങളും രജിസ്ട്രേഷൻ എടുക്കണമെന്നാണ് നിയമം.
മിക്ക റസ്റ്റോറന്റുകളിലും പുറത്താണ് ഷവർമ പാചകം ചെയ്യുന്നത്. പൊടിപടലങ്ങൾ ആഹാരപദാർത്ഥങ്ങളിൽ വീഴുന്നില്ലെന്ന് ഉറപ്പാക്കണമെന്നു നിർദേശിച്ചിട്ടുണ്ട്.
മയോണൈസിൽ പച്ചമുട്ട ഉപയോഗിക്കാൻ പാടില്ലെന്ന നിർദേശവുമുണ്ട്. ഷവർമയ്ക്ക് ഉപയോഗിക്കുന്ന മയോണൈസ് പച്ചമുട്ടയിലാണ് തയ്യാറാക്കുന്നത്. സമയം കഴിയുന്തോറും പച്ചമുട്ടയിലെ ബാക്ടീരിയയുടെ അളവ് കൂടുകയും അപകടത്തിനു കാരണമാകുകയും ചെയ്യും. പാസ്ചുറൈസ് ചെയ്ത മുട്ട മാത്രമേ ഉപയോഗിക്കാവൂവെന്ന നിർദേശമാണ് നൽകിയിട്ടുള്ളത്.
പൂർണമായും ഇറച്ചിവേവിക്കാൻ കഴിയുന്ന മെക്കനൈസ് മെഷീൻ മാത്രമേ ഷവർമ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കാവൂവെന്നും നിർദേശമുണ്ട്. ഇതിൽ നിശ്ചിത അളവിൽ മാത്രമേ ചിക്കൻ വയ്ക്കാനും പാടൂള്ളൂ. ചിക്കന്റെ എല്ലാ ഭാഗങ്ങളും വെന്തുവെന്ന് ഉറപ്പാക്കുകയും വേണം. മയോണൈസ് പാകം ചെയ്താൽ രണ്ട് മണിക്കൂറിൽ കൂടുതൽ അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കാനും പാടില്ല.
പരാതികൾ സ്വീകരിക്കും
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ വകുപ്പുതല ഉദ്യോഗസ്ഥർ നേരിട്ടു സ്വീകരിക്കും.
അസിസ്റ്റന്റ് കമ്മിഷണർ, പത്തനംതിട്ട : 8943346183, നോഡൽ ഭക്ഷ്യസുരക്ഷാ ഓഫീസർ : 9447272732, ഭക്ഷ്യ സുരക്ഷ ഓഫീസർ അടൂർ സർക്കിൾ : 8943346589, തിരുവല്ല : 8943346540, റാന്നി : 8943346588, ആറൻമുള : 8943346539, കോന്നി : 7593000862.
പത്തനംതിട്ട, തിരുവല്ല, കോന്നി പ്രദേശങ്ങളിൽ പരിശോധന നടത്തി.
31 പരിശോധനയിൽ ഏഴ് പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |