കോന്നി : വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ 1963ൽ പ്രവർത്തനം ആരംഭിച്ച ഗവ.ഹൈസ്കൂൾ അതിജീവനത്തിനായി കേഴുകയാണ്. 1975 ലാണ് ഹൈസ്കൂളായി ഉയർത്തിയത്. മുൻപ് അരുവാപ്പുലം പഞ്ചായത്തിലെ രണ്ടുവാർഡുകളിലെയും മുഴുവൻ കുട്ടികളും പഠിച്ചിരുന്ന സ്കൂളിൽ കഴിഞ്ഞ പത്തുവർഷങ്ങളായി 200 താഴെ വിദ്യാർത്ഥികളാണുള്ളത്. കുറെ വർഷങ്ങളായി നവാഗതരായി നാലും അഞ്ചും കുട്ടികൾ മാത്രമാണ് എത്തുന്നത്. പ്രദേശത്തെ വിദ്യാർത്ഥികളെ പഞ്ചായത്തിലെ അൺ എയ്ഡഡ് സ്കൂൾ അധികൃതർ ലക്ഷ്യമിട്ടതോടെയാണ് കൊക്കാത്തോട് സ്കൂൾ അവഗണിക്കപ്പെട്ടത്. ഗതാഗത സൗകര്യങ്ങൾ പരിമിതമായിരുന്ന കാലത്ത് അദ്ധ്യാപകർ കൊക്കാത്തോട്ടിൽ താമസിച്ചാണ് ജോലിചെയ്തിരുന്നത്. അടുത്തിടെ ജില്ലാപഞ്ചായത്തിൽ നിന്ന് സ്കൂൾ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. ഹയർ സെക്കൻഡറി വിഭാഗം തുടങ്ങാൻ സ്കൂൾ വികസനസമിതിയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ സർക്കാരിലേക്ക് നിവേദനം നൽകും.
സാധാരണക്കാരും ആദിവാസികളും താമസിക്കുന്ന കൊക്കാത്തോട്ടിലെ ഗവ.ഹൈ സ്കൂൾ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
( വി.കെ.രഘു, അരുവാപ്പുലം ഗ്രാമപ്പഞ്ചായത്തംഗം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |