മല്ലപ്പള്ളി : പാടിമണ്ണിൽ നിന്ന് കാശ്മീരിലേക്ക് സൈക്കിൾ സവാരി നടത്തുകയാണ് പാറേമണിക്കുഴിയിൽ റിജോ ജോർജ് (26). കഴിഞ്ഞ ബുധനാഴ്ച രാവിലെ പതിനൊന്ന് മണിയോടെ റിജോ യാത്ര തുടങ്ങി. ഇലക്ട്രീഷ്യനായ റിജോയിക്ക് സൈക്കിൾ യാത്ര ഹരമാണ്. സുഹൃത്തുക്കളെല്ലാം ബൈക്കിൽ പായുമ്പോഴും റിജോയുടെ ആഗ്രഹം സൈക്കിളിൽ ഒതുങ്ങി. 23,000 രൂപ വിലയുള്ള ഗിയർ സൈക്കിൾ വാങ്ങി മലപ്പുറം, കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ സൈക്കിളിൽ യാത്ര നടത്തി. തുടർന്ന് കേരളത്തിനു പുറത്തേക്കും യാത്ര തുടർന്നു. സേലം, കോയമ്പത്തൂർ , കന്യാകുമാരി , ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് സൈക്കിളിൽ സഞ്ചരിച്ചു. പണ്ടുമുതൽ മനസിൽ തോന്നിയ സ്വപ്നമാണ് കാശ്മീർ യാത്ര. കഴിഞ്ഞ വർഷം സവാരിക്ക് ഒരുങ്ങിയെങ്കിലും കൊവിഡ് യാത്ര മുടക്കി. ഒറ്റയ്ക്കുള്ള യാത്രയിൽ സുരക്ഷിതമെന്ന് തോന്നുന്ന സ്ഥലങ്ങളിൽ വിശ്രമിച്ച് യാത്ര തുടരും. 85 - 90 ദിവസം കൊണ്ട് കാശ്മിരിലെത്താനാണ് ശ്രമം. യാത്രയുടെ ചെലവ് സ്വന്തമായി വഹിക്കുന്ന റിജോ ആരെങ്കിലും സ്പോൺസർ ചെയ്താൽ സ്വീകരിക്കുമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |