തിരുവല്ല : മണിപ്പുഴയിൽ ഏഴ് കച്ചവട സ്ഥാപനങ്ങളിൽ പൂട്ട് പൊളിച്ച് മോഷണം. തിരുവല്ല - അമ്പലപ്പുഴ റോഡരുകിലെ മണിപ്പുഴ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ശ്രീ ശ്രീ ടെക്സ്റ്റൈൽസ്, കുമാർ സ്റ്റോഴ്സ്, കെ.സി സ്റ്റോഴ്സ്, പുത്തൻപുരയിൽ സ്റ്റോഴ്സ്, സമീപത്തെ രണ്ട് മാടക്കടകൾ കൂടാതെ ഹോമിയോപതി സെന്റർ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെയോടെയാണ് സംഭവം പുറത്തറിഞ്ഞത്. എല്ലാ കടകളുടെയും പൂട്ട് തകർത്ത നിലയിലാണ്. പണവും സിഗരറ്റും മറ്റ് സ്റ്റേഷനറി സാധനങ്ങളും ഉൾപ്പടെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമകൾ പറഞ്ഞു. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. സംഭവത്തിന് പിന്നിൽ ഒന്നിലേറെ മോഷ്ടാക്കളുണ്ടെന്ന് സംശയിക്കുന്നു. പ്രദേശത്തെ സി.സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്ന് സി.ഐ ഇ.ഡി. ബിജു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |