SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.40 PM IST

കേരളകൗമുദി സേവ് പള്ളിക്കലാർ കാമ്പയിന് തുടക്കം, കൈകോർത്ത് ജനമനസ്

palli
കേരളകൗമുദിയുടെയും പള്ളി​ക്കൽ ഗ്രാമപഞ്ചായത്തി​ന്റെയും സഹകരണത്തോടെയുള്ള സേവ് പള്ളിക്കലാർ കാമ്പയിൻ പഴകുളം കെ.വി​.യു.പി​.എസി​ൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളിക്കൽ : ജനപങ്കാളിത്തത്തോടെ വീണ്ടെടുത്ത പള്ളിക്കലാറിന്റെ സംരക്ഷണ തുടർച്ച നടത്താൻ കഴിയാതിരുന്നതാണ് കൈയേറ്റംമൂലം നദി വീണ്ടും നശിക്കാൻ കാരണമായതെന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

കേരളകൗമുദി പത്തനംതിട്ട യൂണിറ്റിന്റെ നേതൃത്വത്തിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പഴകുളം കെ.വി.യു.പി സ്‌കൂളിന്റെയും സഹകരണത്തോടെ നടത്തിയ സേവ് പള്ളിക്കലാർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈയേറ്റവും മാലിന്യവും മൂലം ഇല്ലാതായ നദികളും പുഴകളും ജലസ്രോതസ്സുകളും സംരക്ഷിക്കുക എന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായി തെളിനീരൊഴുകട്ടെ കേരളം എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലാഗമന മാർഗങ്ങൾ വീണ്ടെടുക്കാനുളള ശ്രമം ആരംഭിച്ചിച്ചതായും അദ്ദേഹം പറഞ്ഞു. പള്ളിക്കലാർ സംരക്ഷിക്കാൻ ആസൂത്രിതമായ ശ്രമമാണ് വേണ്ടത്. റവന്യു ഉദ്യോഗസ്ഥരുടെയും ത്രിതലപഞ്ചായത്തുകളുടെയും ജനങ്ങളുടെയും കൂട്ടായ്മയിൽ നദി വീണ്ടെടുക്കുക മാത്രമല്ല തുടർസംരക്ഷണവും ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കലാർ സംരക്ഷണ രൂപരേഖ ജില്ലാപഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും പള്ളിക്കലാർ സംരക്ഷണം സംബന്ധിച്ച് ഇതുവരെയുളള റിപ്പോർട്ട് ആർ.ഡി.ഒ എ.തുളസീധരൻ പിള്ളയും അവതരിപ്പിച്ചു. സി.പി.എെ ജില്ലാസെക്രട്ടറി എ.പി.ജയൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹർഷകുമാർ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ടി.ആർ.അജിത് കുമാർ, കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ.ജയൻ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.പി.സന്തോഷ്, അഡ്വ.ആര്യാ വിജയൻ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.എസ്.സജീഷ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്‌സൺ പി.കെ.ഗീത, പന്തളം എൻ.എസ്.എസ് കോളേജ് മലയാളവിഭാഗം മുൻ മേധാവി പഴകുളം സുഭാഷ്, കെ.എസ്.ടി.എ മുൻ ജില്ലാ സെക്രട്ടറി കെ.എൻ.ശ്രീകുമാർ, സി.പി.എം തെങ്ങമം ലോക്കൽ സെക്രട്ടറി സി.ആർ. ദിൻരാജ്, എച്ച്.എം ഇൻചാർജ്ജ് വന്ദന വി.എസ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി ലേഖകൻ ജയൻ ബി. തെങ്ങമം സ്വാഗതവും അദ്ധ്യാപകൻ കെ.എസ്.ജയരാജ് നന്ദിയും പറഞ്ഞു.

വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ ജലം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ദയനീയ സ്ഥിതിയാണ്. ജനങ്ങൾ മുന്നിട്ടിറങ്ങിയെങ്കിലെ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയു. മലിനജനത്തെ ശുദ്ധജലമാക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണ്. കൈയേറ്റം മൂലം നദികൾ ശുഷ്‌ക്കമാകുന്നു. നദിയുടെ പുനരുജ്ജീവനത്തിന് എല്ലാവിധ സഹായവും ഗ്രാമപഞ്ചായത്ത് നൽകും.

സുശീലകുഞ്ഞമ്മ കുറുപ്പ്
(പ്രസിഡന്റ്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത്)

തുടർ സംരക്ഷണമില്ലാതെ പോയതാണ് പള്ളിക്കലാർ വീണ്ടും മലിനമാകാൻ കാരണം. വീണ്ടെടുപ്പിന് ആശയപരമായ പ്രവർത്തികൾ ആവശ്യമാണ്. പുനരുജ്ജീവനം സാധ്യമാക്കിയ ശേഷം നദിയെ ശുദ്ധമായി സംരക്ഷിക്കുക എന്നതാണ് പ്രധാനം. ഇതിനുള്ള പരിശ്രമം ആവശ്യമാണ്. സാമൂഹ്യപ്രതിപദ്ധതയോടെ ഇക്കാര്യം ഏറ്റെടുത്ത കേരളകൗമുദിയുടെ പ്രവർത്തനം പ്രശംസനീയമാണ്.

എ.പി.ജയൻ

(ജില്ലാസെക്രട്ടറി, സി.പി.ഐ, പത്തനംതിട്ട)

സർവെ നടപടികളിലെ തിരിമറിയാണ് പള്ളിക്കലാർ സംരക്ഷണം അട്ടിമറിക്കപ്പെടാൻ കാരണം. സുതാര്യമായ രീതിയിൽ സർവെ പുനരാരംഭിച്ച് കൈയേറ്റം ഒഴിപ്പിക്കണം. കേരളത്തിലെ 44 പ്രധാനപ്പെട്ട നദികളിൽ ഒന്നാണ് പള്ളിക്കലാർ. തോമസ് ഐസക്കിന്റെ നിർദ്ദേശപ്രകാരം നദിയുടെ പുനരുജ്ജീവനം ജനകീയ പദ്ധതിയായി ഏറ്റെടുക്കാൻ നിർദ്ദേശിച്ചു. ആയിരക്കണക്കിന് ആളുകൾ പങ്കാളികളായി. സർവേയിൽ എന്തു സംഭവിച്ചു എന്ന് അന്വേഷിക്കണം.

പി.ബി.ഹർഷ കുമാർ (സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം)

പരാജയ കാരണങ്ങൾ തിരിച്ചറിഞ്ഞ് പള്ളിക്കലാർ വീണ്ടെടുക്കാൻ നൂതന പദ്ധതികൾ ആവിഷ്‌കരിക്കണം. നിരീക്ഷണ കമ്മിറ്റികൾ ഉണ്ടാകണം.നിശ്ചിത ഇടവേളകളിൽ ഈ കമ്മിറ്റി സ്ഥിരമായി കൂടണം. വേനൽക്കാലത്താണ് നദി കൂടുതലായും മലിനമാകുന്നത്. ഈ കാലയളവിലാണ് കൂടുതൽ ശ്രദ്ധ ആവശ്യം.

ടി.ആർ.അജിത് കുമാർ

ബി.ജെ.പി സംസ്ഥാന സമിതി അംഗം

പ്രളയകാലത്തുപോലും കെടുതികൾ ഉണ്ടാകാത്ത അടൂർ നഗരസഭയിൽ അപ്രതീക്ഷിത മഴയിൽ 40 കോടിയുടെ നഷ്ടം ഉണ്ടായി. പള്ളിക്കലാറിന്റെ വീണ്ടെടുപ്പിനൊപ്പം മാലിന്യങ്ങൾ നദിയിലേക്ക് എറിയാതിരിക്കാൻ നെറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളും നദിയുടെ തീരങ്ങളിൽ സൗന്ദര്യവത്ക്കരണവും നടത്തും. നദി വീണ്ടെടുക്കാൻ കൃത്യമായ ഇടപെടലിലൂടെ സാധിക്കും.

ഡി.സജി,

(നഗരസഭാ ചെയർമാൻ, അടൂർ)

പള്ളിക്കലാറിന് ഒഴുകാൻ ഇടം നൽകണം. ചെളിയും എക്കലും അടിഞ്ഞ് കാടുമൂടുന്നതോടെ നദിയുടെ ഒഴുക്ക് തടസപ്പെടുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രവർത്തനം ഇതിനായി ഉപയോഗിക്കണം. വർഷത്തിൽ രണ്ടു പ്രാവശ്യം ഇത്തരം പ്രവർത്തനത്തിന് ഇവരുടെ സേവനം ഉപയോഗിക്കണം. മീനച്ചിലാറിന്റെ തീരത്തെ മുത്തോലി പഞ്ചായത്തിന് സമാനമായ രീതിയിൽ പള്ളിക്കലാറും സംരക്ഷിക്കാൻ കഴിയണം.

പഴകുളം സുഭാഷ്

(മലയാളവിഭാഗം മുൻ മേധാവി,എൻ.എസ്.എസ് കോളേജ്, പന്തളം)

പ്രകൃതിക്കുമേൽ നിരന്തരം കുറ്റകൃത്യമാണ് മനുഷ്യർ ചെയ്യുന്നത്. ഇതുകൊണ്ടാണ് പ്രകൃതിയുടെ നന്മകളെ നിരന്തരം ദ്രോഹിക്കുന്നത്. പള്ളിക്കലാറിൽ കരിങ്കൽ ഭിത്തി പരമാവധി ഒഴിവാക്കി പ്രകൃതി ദത്തമായ മാർഗങ്ങൾ സ്വീകരിച്ച് സംരക്ഷണം ഒരുക്കണം.

അഡ്വ.ആർ.ജയൻ

(ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഏഴംകുളം)

പള്ളിക്കലാറിന്റെ പുനരുജ്ജീവനം സംബന്‌ധിച്ച് ശാസ്ത്രീയമായ പഠനം നടത്തണം. ഇതിന് സർക്കാർ മുൻകൈയെടുക്കണം. കൈയേറ്റം ഒഴിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾ തയ്യാറാകണം.

കെ.എൻ.ശ്രീകുമാർ സാമൂഹ്യ നിരീക്ഷകൻ

പള്ളിക്കലാറിന്റെ പുനരുജ്ജീവനം നാടിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സർവ്വേ നടപടികൾ തുടരാത്തത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണ്. കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണം.

സി.ആർ.ദിൻ രാജ് [സി.പി.എം. അടൂർ ഏരിയാ കമ്മിറ്റി അംഗം]

സർവെകല്ലുകൾ ലഭ്യമായാൽ തുടർനടപടി

പള്ളിക്കലാർ പുനരുജ്ജീവനവുമായി ബന്ധപെട്ട് സർവെ നടപടികൾ പൂർത്തീകരിച്ച് അതിർത്തി നിർണയം നടത്തി. ജനുവരി 22ന് കൂടിയ ജില്ലാവികസനസമിതി സർവെ കല്ലുകൾ തദ്ദേശസ്ഥാപനങ്ങൾ വാങ്ങി നൽകണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് കടമ്പനാട് പഞ്ചായത്ത് സർവെകല്ലുകൾ വാങ്ങിയതായി റവന്യു വകുപ്പിനെ അറിയിച്ചിട്ടുണ്ട്. ഏറത്ത് പഞ്ചായത്ത് സർവെ കല്ലുകളുടെ അളവ് അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. തദ്ദേശസ്ഥാപനങ്ങൾ സർവ്വെ കല്ലുകൾ ലഭ്യമാക്കി അറിയിക്കുന്ന മുറയ്ക്ക് തുടർനടപടി സ്വീകരിക്കും.

എ.തുളസീധരൻപിള്ള, അടൂർ ആർ.ഡി.ഒ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.